PESA – ലക്ഷദ്വീപിലെ നിയമ നിർമാണ സഭയുടെ ആദ്യ പടി

ഷെഡ്യുൾഡ് ഏരിയയിൽ ഉൾപ്പെടുത്തപ്പെട്ട പട്ടിക വർഗ്ഗ വിഭാഗത്തിന് പ്രദേശത്തിന്റെ ഭരണപരമായ സ്വയംഭരണ അധികാരങ്ങൾ ലഭിക്കുന്നതിന് വേണ്ടി ട്രൈബ്സ് അഡ്വൈസറി കൗൺസിൽ  രൂപീകരിക്കാനും, 1996 ൽ നിലവിൽ വന്ന PESA(Panchayats Extension to Scheduled Areas), എന്ന നിയമവും ലക്ഷദ്വീപിൽ   നടപ്പിലാക്ക്ണം എന്നാവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട കേരളാ ഹൈകോടതിയിൽ 2023 ഡിസംബറിൽ ഒരു കേസ് ഫയൽ ചെയ്യപ്പെട്ടു. ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു ഭരണഘടനാ പരമായ പരിരക്ഷ ആവശ്യപ്പെട്ടു കൊണ്ട് ലക്ഷദ്വീപുകാരനായ വ്യക്തി ഹൈക്കോടതിയെ സമീപിക്കുന്നത്. കിൽതാൻ ദ്വീപുകാരനായ ശ്രി മഹദാ ഹുസൈനാണ് ഹർജി സമർപ്പിച്ചത്.  ഈ കേസിന്റെ പശ്ചാത്തലത്തിൽ PESA നിയമത്തിന്റെ സാധ്യതകളും അത് ലക്ഷദ്വീപിൽ നടപ്പിലാക്കൽ നിയമ പരമായി നിർബന്ധമാണോ എന്നും അന്വേഷിക്കുകയാണ് ഈ ലേഖനം.  

ലക്ഷദ്വീപിന്റെ ഭരണ സംവിധാനമെന്നാൽ കേവലം ഒരു വ്യക്തിയുടെ തീരുമാനങ്ങളിൽ മാത്രം ഒതുങ്ങി പോവുന്നതാണ്. ഭരണഘടനയുടെ അനുഛേദം 239(1) പ്രകാരം രാഷ്‌ട്രപതി നിയമിക്കപ്പെടുന്ന അഡ്മിനിസ്റ്റേറ്ററാണ് ദ്വീപിലെ ഭരണ കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത്. ദ്വീപിലെ ഓരോ വകുപ്പ് മേധാവികളെയും നിയമിക്കുന്നത് അഡ്മിനിസ്റ്റേറ്ററാണ്. 

ഷെഡ്യുൾഡ് ഏരിയകൾ

ലക്ഷദ്വീപുകാർ  ഗോത്രവർഗ സമൂഹമാണ് . ബ്രിട്ടീഷുകാർ 1889 ൽ ലക്ഷദ്വീപിനെ ഷെഡ്യുൾഡ് ഡിസ്ട്രിക്റ്റ് ആയി പ്രഖ്യാപിക്കുകയും പിന്നീട് 1921 ൽ പിന്നോക്ക വിഭാഗമായി പ്രഖ്യാപിക്കുകയും ചെയ്തു .1950  ജനുവരി 26 ന് ഭരണഘടനയുടെ അനുചേദം 244(1) പ്രകാരം ലക്ഷദ്വീപിനെ ഷെഡ്യുൾഡ് ഏരിയയുടെ അഞ്ചാം ഷെഡ്യുളിൽ ഉൾപെത്തിക്കൊണ്ടുള്ള വിജ്ഞാപനം രാഷ്ട്രപതി പുറപ്പെടുവിച്ചു. 

എന്താണ് ഭരണഘടനയിൽ  ഷെഡ്യുൾഡ് ഏരിയകൾ കൊണ്ട് അർത്ഥമാക്കുന്നത്. ഭരണഘടനയുടെ ഷെഡ്യുൾഡ് ഏരിയകൾ (Scheduled Areas) ഇന്ത്യയിലെ പ്രത്യേക ഗോത്രവർഗ പ്രദേശങ്ങളെയാണ് സൂചിപ്പിക്കുന്നത്.  ഇത്തരം പ്രദേശങ്ങളിൽ ജീവിക്കുന്ന ജനങ്ങൾക്ക് മുൻഗണന ലഭിക്കുന്നതിന് ഭരണഘടനയിൽ പ്രത്യേകം വ്യവസ്ഥകൾ ഉൾപെടുത്തിയിട്ടുണ്ട്.

ഇത്തരം പ്രദേശങ്ങളിലേക്ക് നിയമിക്കപ്പെടുന്ന അഡ്മിനിസ്റ്റേറ്റർമാർക്ക് ഭരണകാര്യങ്ങളിൽ ഒറ്റക്ക് തീരുമാനങ്ങളെടുക്കാൻ കഴിയില്ല, 20 അംഗങ്ങളുള്ള ഒരു Tribes Advisory Council രൂപീകരിക്കുകയും ഈ കൗൺസിലിൽ ഗോത്ര വിഭാഗങ്ങൾക്ക് ഭൂരിപക്ഷം നൽകുകയും വേണം. അഡ്മിനിസ്റ്റേറ്റർ നടപ്പിൽ വരുത്താനുദ്ദേശിക്കുന്ന എല്ലാ പദ്ധതികളും ഈ കൗൺസിലിന്റെ ഭൂരിപക്ഷ അംഗീകാരത്തോടെയാണ് നടപ്പിൽ വരുത്തേണ്ടത്. 

പഞ്ചായത്ത് എക്സ്റ്റൻഷൻ ടു ഷെഡ്യൂൾഡ് ഏരിയ (PESA)

1996 ൽ ഇത്തരം പ്രദേശങ്ങളിലെ ഗോത്ര വിഭാഗങ്ങൾക്ക് ഭരണ കാര്യങ്ങളിൽ കൂടുതൽ അധികാരങ്ങൾ നൽകുന്നതിനായി Panchayats (Extension to Scheduled Areas) (PESA 1996) എന്ന പ്രതേക നിയമം നിലവിൽ വരുകയും പിന്നീട് ഈ പ്രദേശങ്ങളിളെല്ലാം നടപ്പിൽ വരുത്തുകയും ചെയ്തു. പക്ഷെ ലക്ഷദ്വീപിലേക്ക് മാത്രം ഈ നിയമങ്ങൾ കടന്നു വരാത്തത് ഏറെ അത്ഭുതത്തോടെ മാത്രമേ നോക്കി കാണാൻ സാധിക്കുകയുള്ളു. 2014 ൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഇന്ത്യയിൽ ഒട്ടാകെയുള്ള ഷെഡ്യുൾ ട്രൈബ് വിഭാഗങ്ങളെ കുറിച്ച് പഠിക്കാൻ Xaxa ട്രൈബൽ കമ്മിറ്റിയെന്നൊരു പ്രതേക ഭരണഘടനാ കമ്മിറ്റിയെ നിയമിക്കുന്നുണ്ട്. ഈ കമ്മിറ്റി റിപ്പോർട്ട്  പ്രകാരം ആനുപാതികമായി രാജ്യത്ത് ഏറ്റവും കൂടുതൽ  (94.8%) പട്ടിക ജാതിക്കാർ(Scheduled Tribe)  അധിവസിക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. സാധാരണ ജനങ്ങളിലേക്ക് അധികാരങ്ങൾ ലഭിക്കുന്ന PESA നിയമം ദ്വീപുകളിൽ നടപ്പിലാക്കപ്പെട്ടില്ലാ എന്നത് അതിശയം ഉളവാക്കുന്നതാണ്. കൂടാതെ സുപ്രീം കൊടതിയിലെ  മൂന്നംഗ ഭരണ ഘടനാ ബെഞ്ചിന്റെ വിധിയുടെ  അടിസ്ഥാനത്തിൽ ഇത്തരം പ്രദേശങ്ങളിലെ ഭൂമികൾ സർക്കാർ ഏറ്റെടുത് വിൽക്കാനോ മറ്റോ പാടുള്ളതല്ല എന്നുള്ള കാര്യവും വളരെ പ്രധാനപ്പെട്ടതാണ്. 

ഷെഡ്യുൾഡ് ഏരിയ്ക്ക് വേണ്ടി പ്രതേകം രൂപ കല്പന ചെയ്ത പഞ്ചായത്ത് നിയമത്തിലെ പ്രതേക അധികാരങ്ങൾ.

പ്രാദേശിക സ്വയംഭരണത്തിന്റെ, പ്രത്യേകിച്ച് ഗോത്ര വിഭാഗങ്ങൾ വസിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ അധികാരങ്ങൾ ഉറപ്പുവരുത്തുന്നതിനായി നിലവിൽ വന്ന നിയമമാണ് PESA -1996. ഇത്തരം പ്രദേശങ്ങളിൽ ഭരണപരമായ അധികാരങ്ങൾ ഗ്രാമ പഞ്ചായത്തുകൾക്ക് നൽകുകയാണ് ചെയ്ത് വരുന്നത്. ഇതിലൂടെ സ്വയംഭരണവും സാമൂഹിക-സാമ്പത്തിക നീതിയും ഉറപ്പുവരുത്തുകയും ചെയ്യുക  എന്നതാണ് ലക്ഷ്യം. ഭൂമി, കാർഷികം, പരിസ്ഥിതി, സംസ്കാരം, തുടങ്ങി പല തലങ്ങളിലായിട്ടുള്ള  വികസന പദ്ധതികളുടെ   ആസൂത്രണവും പഞ്ചായത്ത്  തന്നെയാണ് നിർവഹിക്കേണ്ടത്.  പക്ഷെ ലക്ഷദ്വീപിൽ ഇപ്പോഴും പഞ്ചായത്തുകൾക്ക് തക്കതായ അധികാരങ്ങൾ ഒന്നും തന്നെയില്ല.

പഞ്ചായത്ത് മന്ത്രാലയത്തിന്റെ നിലപാട് 

ഈ വിഷയത്തിൽ കൃത്യമായ ഒരു തീരുമാനം കൈക്കൊള്ളാൻ ഉത്തരവാദിത്തപ്പെട്ട  പഞ്ചായത്ത് മന്ത്രാലയത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തുടക്കത്തിൽ ലക്ഷദ്വീപ്  ഷെഡ്യുൾഡ് ഏരിയായി പ്രഖ്യാപിക്കപ്പെട്ട ഭരണഘടനാ ഉത്തരവ് ഇല്ലെന്നും പരാതിക്കാരന്റെ കൈവശം ആ ഉത്തരവ് ഉണ്ടെങ്കിൽ മന്ദ്രാലയത്തിന് സമർപ്പിക്കണമെന്നും ഉത്തരവ് ലഭിച്ചാൽ PESA നിയമം നടപ്പിലാക്കാനുള്ള നടപടികൾ കൈക്കോളുമെന്നും സൂചിപ്പിച്ചു കൊണ്ടുള്ള ഒരു കത്ത്   ഈ ആവശ്യമുന്നയിച്ച മഹദാ ഹുസൈന് മന്ത്രാലയം നൽകിയിരുന്നു. എന്നാൽ ഉത്തരവിന്റെ കോപ്പി മന്ത്രാലയത്തിന് സമർപിച്ചതിന് ശേഷം ഞങ്ങൾ പഠനം നടത്തി വരികയാണ് എന്ന മറുപടിയാണ് മന്ത്രാലയം തുടർച്ചയായി നൽകികൊണ്ടിരിക്കുന്നത്.

ഈ നിയമം ലക്ഷദ്വീപിൽ നടപ്പിലാവുന്നതോടെ ഒരു പരിധി വരെ അഡ്മിനിസ്റ്റേറ്ററുടെ ഒറ്റയാൾ ഭരണത്തിന് അറുതി വരുത്താൻ സാധിക്കും. വികസനപ്രവർത്തനങ്ങളിൽ  തീരുമാനമെടുക്കേണ്ടത് അതാതു ദ്വീപുകളിലെ തിരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്ത് പ്രതിനിധികളാണ് എന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത.  ഭരണഘടന അനുവദിക്കുന്ന ഷെഡ്യുൾഡ് ഏരിയയിൽ ഉൾപ്പെട്ട് കൊണ്ടുള്ള സ്വയംഭരണ അവകാശങ്ങൾകൊണ്ട് മാത്രം ദ്വീപുകൾ പൂർണമായി സ്വയം പര്യാപ്തമാവുകയില്ല. എന്നാൽ ലക്ഷദ്വീപുകാർ ഇന്നാവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന നിയമ നിർമാണ സഭകളുടെ ആദ്യ പടിയായി PESA നിയമം നടപ്പിലാക്കാനായാൽ നിയമ നിർമാണ സഭ എന്ന  ആവശ്യത്തിലേക്കുള്ള ദൂരം വളരെ കുറയും എന്നത് യാഥാർഥ്യമാണ്. 

belaram

Belaram is a news portal that reports on Lakshadweep from within the islands.

Leave a Reply

Your email address will not be published.