എ.ഐ.സി.സി മുതൽ എൽ.ടി.സി പ്രസിഡന്റ് വരെ – ഹംദുള്ളാ സഈദിന്റെ രാഷ്ട്രീയ നാൾ വഴികൾ

/

ലക്ഷദ്വീപിൽ നിന്നും തുടർച്ചയായി തിരഞ്ഞെടുക്കപ്പെടുകയും കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനം മുതൽ ലോകസഭാ ഡെപ്യുട്ടി സ്പീക്കർ സ്ഥാനം വരെ അലങ്കരിക്കപ്പെട്ട മർഹൂം പി.എം സയീദ് സാഹിബിന്റെ മകനാണ് ലോകസഭാ അംഗമായ ശ്രീ ഹംന്ധുള്ള സയീദ്. മറ്റു പാർട്ടിക്കാർ പൊതുവെ ഇദ്ദേഹത്തെ വ്യക്തിപരമായി പരിഹാസ്യനാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ രാഷ്ട്രീയ നീക്കങ്ങളെല്ലാം വളരെ ഏറെ പരിചയ സമ്പത്തുള്ള ഒരാളുടേതു പോലെ വളരെ കൃത്യമാണ് . 2014 ലെയും 2019 ലെയും രണ്ടു തിരഞ്ഞെടുപ്പുകളിലും ഇദ്ദേഹം പരാജയപ്പെട്ടിട്ടുണ്ടെങ്കിലും 2024 ലെ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം വൻഭൂരിപക്ഷത്തിലാണ് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

ശ്രീ പി.എം സയീദ് ഒരിക്കൽ പോലും തൻറെ രാഷ്ട്രീയ ജീവിതത്തിനിടക്ക് മകൻ ഹംദുള്ള സഈദിനെ രാഷ്ട്രീയ പിൻഗാമിയായി ഉയർത്തി കാട്ടിയിട്ടില്ല എന്നാണ് മുതിർന്ന കോൺഗ്രസ്സ് നേത്രത്വം അവകാശപ്പെടുന്നത് എന്നാൽ പി എം സെയ്ദിന്റെ പെങ്ങളുടെ മകൻ പടന്നാത സാലിഹ്, മരുമകൻ സയ്ദ് മുഹമ്മദ് കോയ തുടങ്ങിയ പ്രഗത്ഭരെ പോലും പിന്തള്ളി കോഗ്രസിന്റെ അമരത്തു പതിറ്റാണ്ടുകളായി തുടരുന്ന ഹംദുള്ളാ സയ്ദ് എല്ല്ലാ വിമര്ശകരുടെയും വായടപ്പിച്ചു കൊണ്ട് പ്രയാണം തുടരുകയാണ്. 2004 ലെ തിരഞ്ഞെടുപ്പിൽ ശ്രീ. പൂക്കുഞ്ഞി കോയയോട് പി എം സയീദ് പരാജയപ്പെടുകയും കേന്ദ്ര മന്ത്രിയാവുകയും ചെയ്തു. 2005 ഡിസംബർ മാസം ഉത്തര കൊറിയയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം മരണപ്പെടുകയും ചെയ്തു. ഇവിട നിന്നാണ് മകൻ ഹംദുള്ളാ സഈദിന്റെ രാഷ്ട്രീയ പ്രവേശനം ആരംഭിക്കുന്നത്. പിതാവിന്റെ മരണ സമയത്ത് ഇദ്ദേഹത്തിന് കേവലം 24 വയസ്സ് മാത്രമായിരുന്നു. പിതാവ് മരണപ്പെട്ട അടുത്ത വര്ഷം തന്നെ ഇദ്ദേഹം ആൾ ഇന്ത്യാ കോൺഗ്രസ്സ് കമ്മിറ്റിയുടെ എക്സികുട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെടുന്നു. പിന്നീട് ലക്ഷദ്വീപിലെ കോൺഗ്രസ്സ് നേത്രത്വം 2009 ലെ ലോകസഭാ സ്ഥാനാർത്ഥിയായി ഇദ്ദേഹത്തെ ഉയർത്തിക്കൊണ്ട് വരുകയും വിജയം കൈവരിക്കുകയും ചെയ്യുന്നു.

2014 ലെ പൊതു തുരഞ്ഞെടുപ്പിൽ ഇദ്ദേഹം പിപി മിഹമ്മദ് ഫൈസലിനോട് ദയനീയ പരാജയം ഏറ്റുവാങ്ങുകയാണുണ്ടായത്. ചെറുപ്പം മുതലേ ഡൽഹിയിലുള്ള പഠനവും ജീവിതവുമെല്ലാം കാരണം ദ്വീപു ജനങ്ങളുമായുള്ള ഇദ്ദേഹത്തിന്റെ അകൽച്ചയാണ് തോൽവിയിലേക്ക് നയിച്ചതിന്റെ പ്രധാന കാരണമെന്നാണ് മുതിർന്ന കോൺഗ്രസ്സ് നേതൃത്വത്തിന്റെയും മറ്റു പ്രമുഖ രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തൽ. തോൽവി കഴിഞ്ഞ ഉടനെ പ്രമുഖ കോൺഗ്രസ്സ് നേതാവും അന്നത്തെ ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ്സ് കമ്മിറ്റി അധ്യക്ഷനുമായ ശ്രീ പൊന്നിക്കാം ഷെയ്ഖ് കോയ രാജി വെക്കുകയും ശ്രീ ഹംന്തുള്ള സയീദ് പ്രസിഡന്റ് സ്ഥാനാം ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് 2019 ൽ ഇദ്ദേഹത്തെ മാറ്റണമെന്ന അഭിപ്രായങ്ങൾ ലക്ഷദ്വീപ് കോൺഗ്രസ്സിൽ ഉയർന്നു വരുകയും കോൺഗ്രസ്സ് “ഓ” ഗ്രൂപ്പ് എന്നൊരു വിഭാഗം രൂപപ്പെടുകയും ഹംദുള്ളക്കെതിരെ അവർ പരസ്യമായി രംഗത്ത് വരുകയും ചെയ്തു. ഇതിനിടയിൽ തിരഞ്ഞെടുപ്പിൽ ഓരോ പ്രദേശങ്ങളിൽ നിന്നും മത്സരിക്കാൻ പ്രാപ്തരായ മൂന്ന് പേരുടെ പട്ടിക സമർപ്പിക്കാൻ എ ഐ സി സി ആവശ്യപ്പെടുകയും ലക്ഷദ്വീപിൽ നിന്നും ഇദ്ദേഹത്തെ തിരഞ്ഞെടുക്കുകയും ചെയ്തു. പക്ഷെ 2019 ലെ തിരഞ്ഞെടുപ്പിലും ഇദ്ദേഹം പരാജയപ്പെടുകയാണുണ്ടായത്. ഈ തോൽവിയെ തുടർന്ന് പാർട്ടിയിൽ ഒരുപാട് പ്രശ്നങ്ങൾ രൂപപ്പെട്ടുവെങ്കിലും തന്റെ കൃത്യമായ ഇടപെടലുകളിലൂടെ പ്രശ്നങ്ങൾ അദ്ദേഹം ഒതുക്കി തീർത്തു.

2020 അവസാനമാണ് ലക്ഷദ്വീപിലേക് ശ്രീ പ്രഫുൽ പട്ടേൽ എന്ന അഡ്മിനിസ്റ്റേറ്റർ കടന്നുവരുന്നതും സേവ് ലക്ഷദ്വീപ് പോലെയുള്ള നിരവധി പ്രതിഷേധങ്ങൾ ആരംഭിക്കുന്നതും. ദ്വീപു ജനങ്ങളുടെ ദൈനംദിന ജീവിതങ്ങളിൽ തുടർച്ചയായ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ഭൂമികൾ പിടിച്ചെടുക്കാനുള്ള ക്രൂരമായ നടപടികളും കൂട്ട പിരിച്ച് വിടലുകളുമെല്ലാം ജനങ്ങൾ നേരിടുന്ന ഘട്ടത്തിലാണ് 2024 ലെ പൊതു തിരഞ്ഞെടുപ്പ് കടന്ന് വരുന്നത്. ഈ തിരഞ്ഞെടുപ്പിൽ തന്നെ വിജയിപ്പിച്ചാൽ പിരിച്ച് വിട്ടവരെ തിരിച്ചെടുക്കുകയും ലക്ഷദ്വീപ് അഡ്മിനിസ്റ്ററ്ററെ മാറ്റുന്നതുൾപ്പടെയുള്ള നിരവധി വാഗ്ദാനങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ ഇദ്ദേഹത്തിന് വോട്ട് നൽകുകയും വൻ ഭൂരിപക്ഷത്തിൽ കഴിഞ്ഞ രണ്ടു തോൽവികളെയും മറികടന്നു വിജയിക്കുകയും ചെയ്തു.

സത്യപ്രതിജ്ഞക്ക് ശേഷം ലക്ഷദ്വീപിലെ പ്രമുഖ കോൺഗ്രസ്സ് നേതാക്കളുമായും പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച്ച നടത്തുകയും ലക്ഷദ്വീപിലെ പ്രഫുൽ പട്ടേൽ എന്ന അഡ്മിനിസ്റ്റേറ്റർ ജനജീവിതത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നു എന്ന് പരാതി ഉന്നയിക്കുകയും ചെയ്തു. ഈ വിഷയം സഭയിൽ അവതരിപ്പിച്ചാൽ വേണ്ട രീതിയിലുള്ള പിന്തുണ നൽകാമെന്ന് രാഹുൽഗാന്ധി അദ്ദേഹത്തിന് ഉറപ്പ് നൽകുന്ന വീഡിയോ വൈറൽ ആയിരുന്നു. പക്ഷെ പിന്നീട് ഇദ്ദേഹം ദ്വീപിൽ എത്തുകയും ഇതേ അഡ്മിനിസ്റ്റേറ്ററിനെ പൊന്നാടയണിയിക്കുകയും ചെയ്തു. ജനങ്ങളുടെ ഭൂമി കയ്യേറ്റം നടത്താൻ ശ്രമിക്കുന്ന പ്രവേഗ് എന്ന ഗുജറാത്തി കമ്പനിയുടെ ടെന്റ് സിറ്റി പദ്ധതി ഉൽഘാടനത്തിൽ പങ്കെടുത്തതും പൊന്നാടയണിയിച്ചതുമൊക്കെ കോൺഗ്രസ്സ് പാർട്ടിക്കുള്ളിൽ ഒരുപാട് വിമർശനങ്ങൾക്കും പ്രശ്നങ്ങൾക്കും വഴിയൊരുക്കിയെങ്കിലും ഇതിനെയെല്ലാം തൻ്റെ കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങൾ ഉപയോഗിച്ച് പരിഹരിക്കുകയും പട്ടേലുമായി സഹകരിച്ചുമാണ് അദ്ദേഹം ഇപ്പോൾ മുന്നേറിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ പാർലമെൻറ് അംഗം പട്ടേലുമായി നടത്തിയ ഏറ്റുമുട്ടലിൽ അദ്ദേഹത്തിന് നേരിടേണ്ടി വന്ന പ്രശ്നങ്ങൾ എത്രത്തോളം വലുതാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞ ഒരു യാഥാർഥ്യമാണ്. ലക്ഷദ്വീപ് ഒരു കേന്ദ്രഭര പ്രദേശവും ഭരണകക്ഷിയിലെ പ്രമുഖനാണ് ഇവിടത്തെ ചുമതലയുള്ള അഡ്മിനിസ്റ്റേറ്റർ എന്നത്കൊണ്ടും അദ്ദേഹത്തിന്റെ ശത്രുത സമ്പാദിക്കാൻ തയ്യാറാകാത്തത് ഹംദുള്ളയുടെ കുശാഗ്ര ബുദ്ധി തന്നെയാണ്.

ലക്ഷദ്വീപിൽ പ്രശ്നങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ്സ് കമ്മിറ്റി ട്രഷറർ ശ്രീ മുനീർ ലക്ഷദ്വീപിലെ നിലവിലുള്ള പ്രശ്നങ്ങൾ എ.ഐ.സി.സി ജനറൽ സിക്രട്ടറിയും പാർലമെന്റ് അംഗവുമായ ശ്രീ കെ സി വേണുഗോപാലിന് വിശദമായ നിവേദനം സമർപ്പിക്കുകയും ചെയ്തു. ഇത് ലക്ഷദ്വീപ് എം.പിയും കോൺഗ്രസ്സ് അധ്യക്ഷനുമായ ഹംദുള്ളാ സഈദിനെ ജനങ്ങൾക്കിടയിൽ കോമാളിയാക്കുന്നത്തിന് തുല്യമെന്നാണ് ഒരു വിഭാഗം കോൺഗ്രസ്സ് നേതാക്കളുടെ അഭിപ്രായം സത്യത്തിൽ അഡ്മിനിസ്‌ട്രേറ്ററിന് അനുകൂലമായ സമീപനം കൈക്കൊള്ളാനുള്ള ശ്രമത്തിനിടയിൽ നടന്ന ഒറ്റപ്പെട്ട സംഭവമായി ഹംദുള്ളാ സയ്ദ് ഇതിനെ നേരിടും എന്ന കാര്യം ഉറപ്പാണ്.

ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കിടയിൽ ഹംദുള്ളാ സഈദിനെ പോലെ ഒരേ സമയം ഇത്രയേറ ചുമതലകൾ വഹിക്കുന്ന നേതാക്കൾ വളരെ വിരളമായിരിക്കും. 2014 മുതൽ തുടർച്ചയായി ഇപ്പോഴും ഇദ്ധേഹം തന്നെയാണ് ലക്ഷദ്വീപ് കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്ത് തുടരുന്നത്. കൂടാതെ നിലവിൽ ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി, എക്സിക്യുട്ടീവ് മെമ്പർ, ആൾ ഇന്ത്യാ കോൺഗ്രസ്സ് കമ്മിറ്റി മെമ്പർ തുടങ്ങിയ നിരവധി ചുമതലകൾ ഒരേ സമയം വഹിക്കുന്ന ഒരു രാഷ്ട്രീയ നേതാവ് കൂടിയാണ് ഇദ്ദേഹം. പിതാവ് പിഎം സയീദ് മരിക്കുന്നത് വരെ യാതൊരു രീതിയിലും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത ഇദ്ദേഹം കോൺഗ്രസ്സ് എന്നൊരു വലിയ പാർട്ടിയുടെ ദേശീയ കമ്മിറ്റിയിൽ 24 വയസ്സിൽ അംഗമാവുക എന്നത് തന്നെ രാഷ്ട്രീയത്തിലെ സ്ഥാനങ്ങൾ നേടിയെടുക്കാനുള്ള ഇദ്ദേഹത്തിന്റെ പ്രത്യക കഴിവാണ് സൂചിപ്പിക്കുന്നത്. ഇത്തരം നീക്കങ്ങളിൽ നിന്നെല്ലാം ഇദ്ദേഹത്തിന്റെ കഴിവും സാമർത്യവുമെല്ലാം വളരെ വ്യക്തമാണ്. ലക്ഷദ്വീപ് രാഷ്ട്രീയത്തിൽ അടുത്ത അൻപത് വർഷത്തേക്കെങ്കിലും ഹംദുള്ളാ സയ്ദ് സജീവമായി ഉണ്ടാകും എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാൻ ഇടയില്ല.

belaram

Belaram is a news portal that reports on Lakshadweep from within the islands.

Leave a Reply

Your email address will not be published.