പ്രകൃതി സൗന്ദര്യം കൊണ്ട് ആരെയും ആകർശിക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. പവിഴപ്പുറ്റുകളും, സുന്ദരമായ ലഗൂണുകളും സിൽവർ സാൻ്റ് ബീച്ചുകളും ദ്വീപുകളെ പറുദീസയാക്കി മാറ്റുന്നു. എന്നാൽ ഈ സൗന്ദര്യം ഇന്ന് ലക്ഷദ്വീപിന് ശാപമായി മാറിയിരിക്കുകയാണ്. മൊഞ്ചുള്ള പെണ്ണിനുമേൽ എല്ലാവർക്കും നോട്ടമുണ്ടാകുന്നത് പോലെ ദ്വീപിൻ്റെ സൗന്ദര്യത്തിലും ചിലർ നോട്ടമിട്ട് തുടങ്ങി. എങ്ങനെയെങ്കിലും അത് സ്വന്തമാക്കാനുള്ള മോഹവുമായി നടക്കുമ്പോഴാണ് നൂറ്റാണ്ടുകളോളം ദ്വീപുകാർ കൈവശം വച്ച് അനുഭവിച്ച് കൊണ്ടിരുന്ന പണ്ടാരം ഭൂമിയിലൂടെ ദ്വീപുകൾ സ്വന്തമാക്കാം എന്ന ആശയം അവർക്ക് ഉണ്ടാകുന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല. 2020ൽ കേന്ദ്ര സർക്കാർ ഒരു നിയമ ഭേദഗതിയിലൂടെ പണ്ടാരം ഭൂമി നാട്ടുകാർക്ക് പതിച്ച് നൽകണം എന്നുള്ള ഉത്തരവ് 2023 ൽ നിമിഷ നേരം കൊണ്ട് റദ്ദാക്കപ്പെടുന്നു.പിന്നല്ലാം പെട്ടന്നായിരുന്നു. ഭൂമി അളക്കുന്നു , ഭൂമി കൈവശം വച്ചവർക്ക് നോട്ടീസ് നൽകുന്നു , ഭൂമിയിലുള്ള വൃക്ഷങ്ങൾക്കും തെങ്ങുകൾക്കും മറ്റും വില നിശ്ചയിക്കുന്നു. നൂറ്റാണ്ടുകളായി ഭൂമി കൈവശം വച്ച് അവിടെ വീടുണ്ടാക്കി താമസിക്കുന്നവർ ഒഴിഞ്ഞ് പോകണം എന്ന് പറയുന്നു. ഏകദേശം 3117 വീടുകളാണ് ഒഴിയേണ്ടിവരിക. അത് വഴി 1000 ത്തോളം കുടുംബങ്ങൾ ഭവനരഹിതരാകും.154000 തെങ്ങുകൾ വെട്ടിമാറ്റപ്പെടും. ഇത് ദ്വീപിൻ്റെ ആവാസവ്യവസ്ഥക്ക് ഭീഷണിയാകും. ദ്വീപുകാരുടെ 60% ഭൂമി സർക്കാർ ഏറ്റടുക്കും. നമ്മുടെ രാജ്യത്തെ ശരാശരി ജനസാന്ദ്രത 400 ആണങ്കിൽ ദ്വീപുകളിൽ അത് 2000 മാണ്.രാജ്യത്തെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ ഒന്നാണ് ലക്ഷദ്വീപ്. അവിടെ നിന്നും 60% ഭൂമി കൂടി സർക്കാർ സ്വന്തമാക്കണമെങ്കിൽ ഒരു കുടിയൊഴിപ്പിക്കൽ നടക്കുമെന്ന് കാര്യം ഉറപ്പാണ്.
പണ്ടാരം ഭൂമി
പണ്ടാരം ഭൂമി നൂറ്റാണ്ടുകൾക്ക് മുമ്പ് അറക്കൽ ബീവി നാട്ടുകാരുടെ ഭൂമി കൈവശപ്പെടുത്തുകയും അത് നാട്ടുകാർക്ക് തന്നെ പാട്ടത്തിനു കൊടുക്കുകയും ചെയ്തു. ഈ ഭൂമി ബ്രിട്ടീഷുകാർ വാങ്ങിക്കുകയും നാല്പത് വർഷത്തെ പാട്ടത്തിന് ദ്വീപുകാർക്ക് നൽകുകയും പിന്നീടത് ദ്വീപുകാരുടെ ഉടമസ്ഥതയിൽ തുടർന്നു വരികയുമാണ് ഉണ്ടായത്. ഇതൊക്കെ നൂറ്റാണ്ട് കൾക്ക് മുമ്പ് നടന്ന കാര്യങ്ങാളാണ്. ബ്രിട്ടീഷ്കാർ പോലും ഒരിക്കലും ഭൂമിയുടെ അവകാശം തിരിച്ച് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.
ലക്കാഡീവ്,മിനിക്കോയ്, അമിൻഡിവി ദ്വീപുകൾ (പട്ടികവർഗങ്ങളുടെ സംരക്ഷണം) റെഗുലേഷൻ 1964 ലെ സെക്ഷൻ 3, സെക്ഷൻ 4 എന്നിവ പട്ടികവർഗക്കാരുടെ ഭൂമികൾ ആദിവാസികളല്ലാത്തവർക്ക് കൈമാറുന്നത് വിലക്കുന്നു. വിൽപ്പന മോർട്ട്ഗേജ്, പാട്ടം, കൈമാറ്റം, ദാനം അല്ലെങ്കിൽ മറ്റെന്തെങ്കിലും വഴിയുള്ള കൈമാറ്റം ഇതിൽ ഉൾപ്പെടുന്നു. 100% വംശീയ തദ്ദേശീയരും പട്ടികവർഗ്ഗക്കാരു മാണ് ദ്വീപ് നിവാസികൾ. ഭൂമി ഏറ്റടുക്കുന്നതിനെതിരെ ദ്വീപുകാർ നൽകിയ ആയിരത്തോളം ഹരജികൾ ബഹു: കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഭൂമി ഏറ്റടുക്കുന്നതിനെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം നേരിടുകയാണ് ഭരണകൂടം.
ലക്ഷദ്വീപിനെ മാലിദ്വീപാക്കാനുള്ള മോഹവുമായി നടക്കുന്നവർ മാലിദ്വീപിലെ ടൂറിസം വികസനത്തിൻ്റെ കോട്ടങ്ങളെപ്പറ്റിയും പഠിക്കണം. വളരെ ചെറിയ വിസ്തീർണ്ണമുള്ള ദ്വീപുകളിൽ ടൂറിസത്തിൻ്റെ പേരിൽ ധാരാളം വാഹനങ്ങളും യന്ത്രങ്ങളും കൊണ്ടുവന്നത് കാരണം രൂക്ഷമായ വായു മലിനീകരണമാണ് നേരിട്ടത്. സ്നോർക്ലിംഗ്, ഡൈവിങ്ങ്, അനിയന്ത്രിതമായ ഫിഷിംഗ് എന്നിവ കാരണം കടലിലെ ആവാസവ്യവസ്ഥ താറുമാറായി. റിസോട്ടുകളും എയർപോർട്ടുകളും നിർമ്മിക്കുവാൻ വേണ്ടി വലിയ തോതിൽ വൃക്ഷങ്ങളും തെങ്ങുകളും മുറിച്ച് മാറ്റപ്പെട്ടപ്പോൾ കടലാക്രമണം രൂക്ഷമാവുകയും ദീപുകളുടെ നാശത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. മാലിദ്വീപിലെ റിസോട്ടുകളിൽ വലിയ പങ്കും വിദേശ കമ്പനികളുടെ അധീനതയിലാണ് ഉള്ളത്. അവിടത്തെ ജനങ്ങൾക്ക് പ്രത്യേകിച്ച് ഒരു നേട്ടവും അതുകൊണ്ട് ഉണ്ടായിട്ടില്ല.
മാലിന്യ നിർമ്മാർജനമാണ് ടൂറിസം കൊണ്ട് മാലിദ്വീപ് നേരിടുന്ന മറ്റൊരു വലിയ പ്രശ്നം.അഴുക്ക് വെള്ളവും മാലിന്യങ്ങളും ലഗൂണുകളിലേക്ക് ഒഴുക്കി വിടുന്നത് കൊണ്ട് സുന്ദരമായ ലഗൂണുകൾ മലിനീകരിക്കപ്പെടുകയും അതിനാൽ കടലിലെ ആവാസവ്യവസ്ഥക്ക് നാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മാലിദ്വീപിൽ ‘Rubbish Island’ എന്ന് അറിയപ്പെടുന്ന ഒരു ദ്വീപ് തന്നെ ഉണ്ട്. ഇവിടെയാണ് നൂറ് കണക്കിന് ടൺ മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നത്. പതിനാറു വർഷം മുമ്പ് വരെ ഈ ദ്വീപ് മലിനമാക്കപ്പെടാത്ത സുന്ദര ദ്വീപായിരുന്നു. ഈ മാലിന്യ കൂമ്പാരത്തിൽ നിന്ന് മെർക്കുറി കാഡ്മിയം പോലുള്ള രാസവസ്തുക്കൾ കടലിൽ എത്തിച്ചേരാനുള്ള സാദ്ധ്യത കടലിലെ ജീവജാലങ്ങളുടെ നിലനിൽപിന് വൻ ഭീഷണിയായി നില നിൽക്കുന്നുണ്ട്. മാലിദ്വീപിൽ രണ്ടായിരത്തോളം ദ്വീപുകൾ ഉള്ളപ്പോൾ ലക്ഷദ്വീപിൽ വെറും 36 ചെറുദ്വീപുകളാണ് ഉള്ളത് എന്നതും ഓർക്കണം.
ലക്ഷദ്വീപിൽ നിയന്ത്രിതമായ രീതിയിലുള്ള ടൂറിസവും, ദ്വീപിൻ്റെ തനതായ ചെറുകിട വ്യവസാങ്ങളുമാണ് പ്രോത്സാഹിക്കപ്പെടേണ്ടത്. മറിച്ചാണെങ്കിൽ ലക്ഷദ്വീപുകൾ മാലിദ്വീപിന് പകരം മലിനദ്വീപായി മാറും എന്നതിന് സംശയമില്ല.
2020 ഡിസംബർ വരെ ശാന്തസുന്ദരമായി നിലകൊണ്ടിരുന്ന ലക്ഷദ്വീപ് സമൂഹം പുതിയ അഡ്മിനിട്രേറ്ററുടെ വരവോടെയും അദ്ദേഹം കൈകൊണ്ട നിരവദി അനവദി ജനദ്രോഹ, ജനാതിപത്യ വിരുദ്ധ നടപടികളിലൂടെയും അശാന്തി പ്രദേശമായി മാറി. മൂവായിരത്തോളം ആൾക്കാരെ ജോലിയിൽ നിന്നും പിരിച്ച് വിട്ടപ്പോൾ അത്രത്തോളം കുടുംബങ്ങളിൽ സാമ്പത്തീക അരക്ഷിതത്വം ഉണ്ടാക്കി. ലക്ഷദ്വീപുകാരുടെ എന്നത്തേയും വലിയ പ്രശ്നമായിരുന്ന യാത്രാക്ലേശം ചെറിയതോതിലെങ്കിലും പരിഹരിച്ചിരുന്നത് ചെറുതും വലുതുമായ എഴോളം കപ്പലുകളാണ്. എന്നാൽ പുതിയ അഡ്മിനിസ്ട്രേറ്റർ വന്നതിന് ശേഷം ചെറിയ രണ്ടു കപ്പലുകളും സ്ക്രാപ്പിന് അയക്കുകയും ബാക്കിയുള്ള കപ്പലുകൾ സമയബന്ധിതമായി അറ്റകുറ്റപണികൾ നടത്താത്തത് കാരണം നിലവിൽ ഒരു കപ്പൽ മാത്രമാണ് ലക്ഷദ്വീപുകാരുടെ യാത്രക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഇത് ലക്ഷദ്വീപിലെ യാത്രാക്ലേശം അതിരൂക്ഷമാക്കിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ പോലും യാത്ര ചെയ്യാനാകാതെ ദ്വീപുകാർ പൊറുതി മുട്ടുകയാണ്.
നൂറ്റാണ്ടുകളായി ദീപുകാരുടെ അധീനതയിലുള്ള പണ്ടാര ഭൂമി തിരിച്ച് പിടിക്കാനുള്ള അഡ്മിനിസ്ട്രേറ്ററുടെ നടപടി ദ്വീപുകാരിൽ അരക്ഷിതാവസ്ഥയും മാനസീക പിരിമുറുക്കവും ഉണ്ടാക്കുന്നു. ഉത്തരേന്ത്യയിലേ പോലെ ബുൾഡോസർ ഭരണം നേരിടേണ്ടി വരുമോ എന്ന ഭീതിജനങ്ങളിൽ നിലനിൽക്കുന്നു.
സർക്കാർ വകുപ്പുകളുടെ പ്രവർത്തനം നിർത്തുകയോ അല്ലെങ്കിൽ നാമമാത്രമാക്കി മാറ്റുകയോ ചെയ്തിട്ടുണ്ട് പുതിയ ഭരണകൂടം. നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന പോൾട്രി ഫാമുകളും ഡയറി ഫാമുകളും ഹാച്ചറികളും അടച്ചുപൂട്ടുകയും ജോലിക്കാരെ പിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്. ഇത് കാരണം ദ്വീപുകളിൽ പാലും മുട്ടയും ലഭ്യമല്ലാത്ത അവസ്ഥയുണ്ടായി. ഒരു ദിവസം നൂറ് ലിറ്ററോളം പാലുൽപാദിപ്പിച്ചിരുന്ന മിനിക്കോയി ദീപിലെ ഡയറി ഫാം പോലും നഷ്ടകണക്കുകൾ പെരുപ്പിച്ച് കാണിച്ച് അടച്ച് പൂട്ടി.
സർക്കാർ ഡിപാർട്ടുമെൻ്റുകൾ ലാഭം മാത്രം ലക്ഷ്യമിട്ട് മാത്രം പ്രവർത്തിക്കേണ്ടതല്ലെന്നും അത് പൊതുജനക്ഷേമത്തിന് വേണ്ടി കൂടിയുള്ളതാണന്നതും മനസ്സിലാക്കാൻ കഴിവില്ലാത്ത ഭരണാധികാരികൾക്ക് നാടിനെ പിന്നോട്ട് കൊണ്ട് പോകാൻ മാത്രമെ കഴിയൂ. മൃഗസംരക്ഷണ വകുപ്പിൽ ജോലിയുണ്ടായിരുന്ന എല്ലാ ഡോക്ടർമാരെയും ഒറ്റയടിക്ക് പിരിച്ച് വിടുകയും മൃഗങ്ങളുടെ ചികിത്സക്ക് ദ്വീപുകളിൽ ഡോക്ടർമാർ ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. ഇന്ത്യൻ പാർലമെൻ്റ് പാസാക്കിയ ഇൻഡ്യൻ വെറ്ററിനറി കൗൺസിൽ ആക്റ്റ് -1984 പ്രകാരം മൃഗങ്ങളെ ചികിത്സിക്കേണ്ടത് വെറ്ററിനറി സയൻസിൽ ബിരുദമുള്ളതുംഇൻഡ്യൻ വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വെറ്ററിനറി ഡോക്ടർമാരും ആയിരിക്കണം എന്നിരിക്കെ വെറ്ററിനറി ഡോക്ടർമാരെ പിരിച്ച് വിട്ടത് നിയമവിരുദ്ധമാണന്നും അവരെ ഉടനെ തിരിച്ചെടുക്കണമെന്നും ലേഖകൻ അപേക്ഷ നൽകിയെങ്കിലും അഡ്മിനിട്രേറ്റർ പരിഗണിച്ചില്ല. തുടർന്ന് ബഹു:കേരള ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാല്പര്യ ഹരജി പരിഗണിച്ച് ബഹു: കേരള ഹൈക്കോടതി എല്ലാ ദ്വീപുകളിലേക്കും വെറ്ററിനറി ഡോക്ടർമാരെ ഉടനെ നിയമിക്കണം എന്ന് ഉത്തരവും നൽകി. എന്നാൽ ഉത്തരവ് നടപ്പിലാക്കാൻ അഡ്മിനിസ്ടേഷൻ വിസമ്മതിച്ചതിൻ്റെ പേരിൽ ഞാൻ വീണ്ടും കോടതിയലക്ഷ്യം കോടതിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ കേവലം അഞ്ച് ദ്വീപുകളിലേക്ക് മാത്രം വെറ്ററിനറി സർജന്മാരെ നിയമിക്കുകയാണ് ചെയ്തത്. എല്ലാ ദ്വീപുകളിലേക്കും വെറ്ററിനറി സർജ്ജന്മാരെ നിയമിക്കണം എന്ന് ആവശ്യപ്പെട്ട് ഞാൻ നൽകിയ പെറ്റീഷൻ ഇപ്പോഴും ബഹു. കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ദൃശ്യ-പത്രമാധ്യമങ്ങൾ ദ്വീപുകളിൽ ഇല്ലാത്തതിനാൽ ദ്വീപുകളിൽ നടന്നു കൊണ്ടിരിക്കുന്ന ജനവിരുദ്ധ ജനാതിപത്യവിരുദ്ധ ഭരണഘടനാവിരുദ്ധ പ്രവർത്തികളൊന്നും പുറംലോകം അറിയുന്നില്ല. രണ്ടായിരത്തി ഇരുപത് ഡിസംബർ വരെ, അതായത് ഇന്നത്തെ അഡ്മിനിട്രേറ്റർ ചുമതല ഏൽക്കുന്നത് വരെ ദ്വീപിലെ ജനങ്ങളും ഭരണകൂടവും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു വരുമ്പോൾ പെട്ടെന്നൊരു തിരിച്ചടി ഭരണകൂടത്തിൻ്റെ ഭാഗത്തുനിന്നും ഉണ്ടായപ്പോൾ ജനങ്ങളാകെ പകച്ചു നിന്ന് പോയി. വലിയ സമരങ്ങളോ പ്രതിഷേധങ്ങളോ സംഘടിപ്പിച്ച് ശീലമില്ലാത്ത ദ്വീപുകാർ ഈ ദുർഭരണത്തെ എങ്ങനെ നേരിടണം എന്ന കടുത്ത ആശങ്കയിലാണ്. നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കിലും രാഷ്ട്രീയപരവും ജനാതിപത്യപരവുമായ മറ്റു വഴികൾ കൂടി തേടേണ്ടതുണ്ട്.
Inne Kabeer