ഒരു സമൂഹത്തിൽ സ്വാധീനം ചെലുത്തുന്ന വിധത്തിൽ സാമ്പത്തികമായോ സാമൂഹികമായോ ശക്തിയുള്ള വിഭാഗങ്ങളാണ് പലപ്പോഴും പൊതു ബോധങ്ങൾ നിർമിച്ചെച്ചെടുക്കുന്നത്. അത് ചിലപ്പോൾ എണ്ണത്തിൽ കൂടുതലുള്ളവരാകാം, എണ്ണത്തിൽ കുറവാണെങ്കിലും സമൂഹത്തിലെ കൂടുതൽ അധികാരം കയ്യാളുന്ന വിഭാഗമാവാം കൂടുതൽ സാമ്പത്തിക അഭിവൃദ്ധിയുള്ള ആളുകളുമാവാം. ഉദാഹരണത്തിന് ഇന്ത്യൻ വൻ കരയിൽ നിലനിൽക്കുന്ന പല ധാരണകളും ബോധങ്ങളും ഭ്രാമണരുടെ പൊതു ബോധത്തിൽ ഊന്നിയുള്ള കാഴ്ച്ചപ്പാടുകളാണ്. ആകെ ജനസംഖ്യയുടെ കേവലം അഞ്ച് ശതമാനത്തിൽ കുറവുള്ള ഭ്രാഹ്മണർ മതത്തെയും അധികാരത്തെയും കൂട്ട് പിടിച്ചാണ് വർണ്ണ വിവേചനം പോലെയുള്ള ഭ്രാമണന്റെ യുക്തിയിൽ മാത്രം ശരിയാവുന്ന സാമൂഹിക ബോധത്തെ നൂറ്റാണ്ടുകളോളം നിലനിർത്തി പോന്നത്. ഇത്തരമൊരു പശ്ചാത്തലത്തിൽ സാമ്പത്തികമായും അധികാരപരമായും മുന്നിൽ നിൽക്കുന്ന ഒരു വിഭാഗമെന്ന നിലയിൽ നമ്മുടെ പൊതു ബോധത്തെ നിർമിച്ചെടുക്കുന്നത് ലക്ഷദ്വീപിലെ ഉദ്യോഗസ്ഥരാണ്. ഭരണകൂട ഭീകരതെക്കെതിരെയുള്ള നമ്മുടെ പോരാട്ടത്തെ വളരെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരമൊരു സാമൂഹ്യ വിപത്തിനെ ഒരോ ലക്ഷദ്വീപുകാരനും തിരിച്ചറിയേണ്ടതുണ്ട്.
പൊതുബോധമെന്നത് ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാൽ കറുപ്പിനെക്കാളും നല്ലത് വെളുപ്പാണെന്നത് ഒരു പൊതുബോധമാണ്. യാതൊരു വിധ അടിസ്ഥാനവും ഇല്ലെങ്കിൽ കൂടിയും ആയിരക്കണക്കിന് വർഷങ്ങളായി ഈ ഒരൊറ്റ കാര്യത്തിൽ മാത്രം ആയിരക്കണക്കിന് മനുഷ്യർ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്യപ്പെട്ടിട്ടുണ്ട്. അത് അമേരിക്കയിലായാലും സൗത്ത് ആഫ്രിക്കയിലായാലും ലോകത്തെവിടെ ആയാലും അധികാരങ്ങൾ ഉപയോഗിച്ച് ഇത്തരം പൊതു ബോധങ്ങൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. വഴിവിട്ട ലൈംഗിക വേഴ്ച്ചകളിൽ ഏർപ്പെടുന്ന സ്ത്രീകൾ വേശ്യകളായും പുരുഷന്മാർ മാന്യന്മാരായും സമൂഹത്തിൽ തുടരുന്നത് ആണധികാരം നിർമ്മിച്ചെടുക്കുന്ന പൊതുബോധത്തിന്റെ സഹായത്തോടെയാണ്.
ഇനി ലക്ഷദ്വീപിലേക്ക് വരാം, ഒരു മനുഷ്യൻ അയാളുടെ ജീവിത സമ്പാദ്യം മുഴുവൻ ഉപയോഗിച്ച് നിർമിച്ച വീട് അല്ലെങ്കിൽ ഒരു കച്ചവട സ്ഥാപനം നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് പൊളിച്ചു മാറ്റാൻ ശ്രമിക്കുന്ന സർക്കാർ നടപടി രാജാവിനെക്കാൾ കൂടുതൽ രാജഭക്തി കാണിച്ചുകൊണ്ട് ഒരു ജേസിബി ക്കാരനെയും കൊണ്ട് വന്ന് പൊളിച്ചു മാറ്റാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥൻ എല്ലാ കഥകളിലും വില്ലനായിരിക്കേണ്ടതാണ്. എന്നാൽ ലക്ഷദ്വീപിൽ അയാൾ നിസ്സഹായനായ ഒരു ഇരയാണ്. സ്വന്തം കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ ഹൈകോടതിയിൽ നിന്നും ഉത്തരവ് വരുന്നത് വരെയെങ്കിലും കിടപ്പാടം പൊളിച്ചു മാറ്റരുതെന്ന് ആ ഉദ്യോഗസ്ഥനോട് ജെ സി ബിക്ക് മുന്നിൽ നിന്ന് കേണപേക്ഷിക്കുന്ന സാധാരണക്കാരൻ നിയമ ലംഘകനും കൊള്ളക്കാരനുമായി മാറുന്നു. ഈ രംഗം ക്യാമറയിൽ പകർത്താൻ ശ്രമിക്കുന്ന വഴിപോക്കനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്ന പോലീസുകാരൻ നായകനായി മാറുന്നു. സത്യത്തിൽ എങ്ങനെയാണ് ഇത്തരം പൊതുബോധങ്ങൾ നമ്മുടെ സമൂഹത്തിൽ രൂപപ്പെടുന്നത്. രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ലക്ഷദ്വീപിൽ നിലനിൽക്കുന്ന ഉദ്യോഗസ്ഥ മേൽകോയ്മയാണ് ഇത്തരം പൊതു ബോധങ്ങൾ സൃഷ്ടിച്ചെ ടുക്കുന്നത്. സത്യത്തിൽ ലക്ഷദ്വീപ് ഭരണകൂടം എല്ലാ ജനാതിപത്യ മര്യാദകളും കാറ്റിൽ പറത്തിക്കൊണ്ട് ലക്ഷദ്വീപിലെ അഞ്ചു ദ്വീപുകളിലെ 60% ഭൂപ്രദേശങ്ങളും തർക്ക ഭൂമിയായി പ്രഖ്യാപിക്കുകയും നാലായിരത്തോളം ഭൂവുടമകൾ കോടതിയുടെ നീതിക്കായി കാത്തിരിക്കുകയും ചെയ്‌യുമ്പോൾ ലക്ഷദ്വീപിൽ നടക്കുന്ന ഏതൊരു പൊളിക്കൽ നടപടിയും അനീതിയായി കണ്ടു നഖ ശിഖാന്തം എതിർക്കപ്പെടേണ്ടതാണെന്നിരിക്കെ തന്റെ മേലുദ്യോഗസ്ഥന്റെ പ്രീതി പിടിച്ചു പറ്റാനും മാസ ശമ്പളം മുടങ്ങാതിരിക്കാനും അനധികൃതമായ പൊളിക്കൽ നടപടികൾക്ക് നേതൃത്വം നൽകുന്ന ലക്ഷദ്വീപിലെ ബി ടി ഓ മാർ അടക്കമുള്ള ഉദ്യോഗസ്ഥർ വില്ലന്മാരായി കണക്കാക്കാക്കപ്പെടാത്തത് എന്ത് കൊണ്ടാണ് ?
മദ്രസ മുതൽ രാഷ്ട്രീയം വരെ അടക്കി നിയന്ത്രിച്ചിരുന്ന ഉദ്യോഗസ്ഥർ ഒരു പ്രതിസന്ധി ഘട്ടത്തിൽ വേട്ടക്കാർക്കൊപ്പം നിന്ന് ലക്ഷദ്വീപ് സമൂഹത്തെ ഒറ്റു കൊടുക്കുകയാണ്. പലപ്പോഴും അനധികൃത പൊളിക്കൽ നടപടിയിൽ ഏർപ്പെട്ട ശേഷം തങ്ങൾക്കും തങ്ങളുടെ മേലുദ്യോഗസ്ഥനും എതിരെ നിയമ നടപടികൾ വരാതിരിക്കാൻ തങ്ങൾ അപേക്ഷകൾ എഴുതി കൊടുത്തും ഫണ്ട് ചെയ്തും തങ്ങളുടെ ചൊൽ പടിയിൽ നിർത്തിയിരിക്കുന്ന രാഷ്ട്രീയ മത സംഘടനകളെ അവർ നിരന്തരം ഉപയോഗിച്ച്കൊണ്ടിരിക്കുന്നു. ഉദ്യോഗസ്ഥ നിർമ്മിതമായ പോതു ബോധങ്ങളുടെ ഇത്തരം വേലിക്കെട്ടുകൾ പൊളിച്ചു മാറ്റി മുന്നേറിയില്ലെങ്കിൽ ലക്ഷദ്വീപ് രാഷ്ട്രീയത്തിനും ലക്ഷദ്വീപിനു തന്നെയും ഭാവിയില്ലാ എന്ന കാര്യം ഉറപ്പാണ്. നാടൊലിച്ചു പോയാലും മാസം ശമ്പളം കിട്ടിയാൽ മതിയെന്ന് ചിന്തിക്കുന്ന, എന്ത് പ്രശ്നം വന്നാലും സ്വന്തം കംഫർട്ട് സോണിൽ നിന്നും പുറത്ത് കടക്കാതെ ഭരണകൂടത്തെ ന്യായീകരിച്ച് സ്വന്തം ജനതയെ തള്ളി പറയുന്ന ലക്ഷദ്വീപിലെ ഉദ്യോഗസ്ഥ സമൂഹം ഒരു ഉളുപ്പുമില്ലാതെ ഇത്തരം പ്രവർത്തികളെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്.
ലക്ഷദ്വീപിലെ സാമ്പത്തിക മേഖലയുടെ അടിത്തറ തങ്ങളുടെ ശമ്പളമാണെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഈ വാദത്തിന്റെ സത്യാവസ്ഥ പരിശോധിക്കുന്നതിന് മുമ്പ് ഇവർക്കെങ്ങനെ ഈ ജോലി ലഭിച്ചു എന്നകാര്യം ചർച്ച ചെയ്യേണ്ടത് അനിവാര്യമാണ്. ലക്ഷദ്വീപുകാർക്ക് മാത്രമായി ഗ്രൂപ്പ് സി, ഡി പോസ്റ്റുകൾ നീക്കി വെച്ചതുകൊണ്ട് മാത്രമാണ് ഇന്ന് ലക്ഷദ്വീപിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം പേർക്കും ജോലി ലഭിച്ചത് എന്ന കാര്യം നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു വസ്തുതയാണ്. ലക്ഷദ്വീപുകാരുടെ സാമ്പത്തിക ക്ഷേമം കണക്കിലെടുത്ത് സർക്കാർ ജോലികൾക്കുണ്ടായിരുന്ന സാമ്പത്തിക സുരക്ഷിതത്വം ലഭിക്കുന്നതിന് വേണ്ടി അന്നത്തെ രാഷ്ട്രീയക്കാർ എടുത്ത തീരുമാനത്തിന്റെയും അവരുടെ പ്രവർത്തനത്തിന്റെയും പരിണിത ഫലമായിട്ടാണ് ഇത്രയും കൂടുതൽ സർക്കാർ ജീവനക്കാർ ലക്ഷദ്വീപിൽ ഉണ്ടായത്. അന്നുവരെ ലക്ഷദ്വീപിനെയും ലക്ഷദ്വീപുകാരെയും ദ്രോഹിച്ചുകൊണ്ടിരുന്ന വൻകരക്കാരായ ഉദ്യോഗസ്ഥ മേലാളന്മാർക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചവരാണ് ഡോ കെ കെ മുഹമ്മദ് കോയാ അടക്കമുള്ള അന്നത്തെ ലക്ഷദ്വീപിലെ നേതാക്കൾ. അത്തരം ഉദ്യോഗസ്ഥർക്കെതിരെ “നമ്മുടെ ദ്വീപിൽ തെങ്ങിൻ തയ്യുകൾ നട്ടത് ബ്യുറോക്രാറ്റുകളല്ലല്ലോ” എന്നൊരു മുദ്രാവാക്യം വരെ അന്ന് ദ്വീപുകളിൽ മുഴങ്ങിക്കേട്ടിരുന്നു.
ദ്വീപുകാരായിട്ടുള്ളവർ സർക്കാർ ജോലിയിൽ പ്രവേശിച്ചാൽ ലക്ഷദ്വീപിന് വേണ്ടി പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്നും സാമ്പത്തിക ഭദ്രത ഉറപ്പാക്കുമെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു പുതിയ ഉദ്യോഗസ്ഥ വൃന്ദം നിലവിൽ വരുമെന്നും അവർ പ്രത്യാശിച്ചു. ലക്ഷദ്വീപിൽ പുതുതായി ജോലി കിട്ടിയ ഉദ്യോഗസ്ഥർ പക്ഷെ നേതാക്കളുടെ പ്രതീക്ഷക്ക് വിപരീതമായി ലക്ഷദ്വീപിന്റെ പൊതു നന്മക്ക് പകരം തങ്ങളുടെ സൗകര്യങ്ങളും ഉയർച്ചയും മാത്രം കണക്കിലെടുത്ത് കൊണ്ട് മുന്നോട്ടു പോയി. സ്വന്തമായി ഒരു ഫിഷറീസ് പോളിസിയോ, ടൂറിസം പോളിസിയോ കഴിഞ്ഞ 40 വർഷത്തിലേറെയായി നടപ്പിലാക്കാത്ത, ലക്ഷദ്വീപിൽ നിന്നും ഒരു സ്വകാര്യ സംരംഭകനെ പോലും സൃഷ്ടിക്കാൻ ശ്രമിക്കാത്ത സർക്കാർ എന്നാൽ തങ്ങൾക്ക് ശമ്പളം തരാൻ മാത്രമുളള ഒരു സംവിധാനമാക്കി ചുരുക്കി ലക്ഷദ്വീപിനെ അവർ ഉദ്യോഗസ്ഥർക്ക് വേണ്ടി ഉദ്യോഗസ്ഥർ ഭരിക്കുന്ന ഒരു പ്രദേശമാക്കി മാറ്റുകയാണുണ്ടായത്.
എല്ലാ പ്രശ്നങ്ങൾക്കും മർഹൂം പി എം സഈദിനേയും മർഹൂം ഡോ കോയയേയും പഴിചാരി ജനങ്ങൾ വിഘടിച്ച് നിന്നപ്പോൾ ലക്ഷദ്വീപ് ചരിത്രത്തിലെ യഥാർത്ഥ വില്ലന്മാരായ ഉദ്യോഗസ്ഥർ അഡ്മിനിസ്റ്റേറ്ററോടൊപ്പം അന്തപുരത്തിൽ വീണ വായിക്കുകയായിരുന്നു. ചരിത്ര പരവും അപകടകരവുമായ ആ പ്രീണനം അവർ ഇന്നും തുടർന്ന് കൊണ്ടേയിരിക്കുന്നു.
തുടരും….