പത്രക്കുറിപ്പ്

ലക്ഷദ്വീപിലെ വാർത്തകൾ ദ്വീപിൽ നിന്നു റിപ്പോർട്ട് ചെയ്യുന്ന ന്യൂസ് പോർട്ടലാണ് ബേളാരം. വിഷയങ്ങളെ ഉപരിപ്ലവമായി കാണാതെ ആഴത്തിൽ പഠിച്ച് റിപ്പോർട്ട് ചെയ്യുന്ന ലക്ഷദ്വീപിൽ നിന്നുള്ള ഏക പോർട്ടലാണിത്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ കേന്ദ്ര ഭരണപ്രദേശങ്ങൾ കഴിഞ്ഞ എഴുപതോളം വർഷങ്ങളായി ലെഫ്റ്റനന്റ് ഗവർണർ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റർ എന്നറിയപ്പെടുന്ന പോസ്റ്റിൽ കേവലം ഒരു വ്യക്തിയെ നിയമിച്ച് രാഷ്‌ട്രപതി ഭരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് ഭരണഘടനയുടെ അടിസ്ഥാനത്തിൽ തന്നെ ഇന്ത്യയിൽ നില നിൽക്കുന്ന ഏകാധിപത്യ ഭരണസംവിധാനമാണ്. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ അഡ്മിനിസ്ട്രേറ്റർ ഭരണം മാറി ജനാധിപത്യ ഭരണ സംവിധാനം നിലവിൽ വരുക എന്നത് ബേളാരത്തിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.

ഒരു വാർത്താ മാധ്യമമെന്നതിനപ്പുറം ബേളാരം ഒരു മൂവ്മെന്റാണ് ലക്ഷദ്വീപുകാർക്ക് പ്രാതിനിധ്യമുള്ള ഒരു ഭരണ സംവിധാനം നിലവിൽ വരുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെ മുന്നിൽ നിന്ന് നയിക്കാനും അഡ്മിനിസ്ട്രേറ്ററുടെ ഭരണം അവസാനിപ്പിച്ച് ഒരു നിയമ നിർമാണ സഭയുണ്ടാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നത് വരെ ഒരു ലാഭേച്ഛയുമില്ലാതെ പ്രവർത്തിക്കാനുമാണ് ബേളാരം നിലനിൽക്കുന്നത്. ലക്ഷദ്വീപിലെ ജനങ്ങളെയും മുഖ്യധാരാ മാധ്യമങ്ങളെയും ബുദ്ധി ജീവികളെയും കൂടാതെ കേന്ദ്ര സർക്കാരിനെയും ഈ വിഷയത്തിൽ ബോധവാന്മാരാക്കാൻ നിരന്തരമായ ശ്രമങ്ങൾ നടത്തുന്നതിൽ പ്രതിജ്ഞാ ബന്ധരാണ് ടീം ബേളാരം.

യൂണിയൻ ടെറിട്ടറികൾക്ക് നിയമനിർമാണ സഭ എന്ന വിഷയവുമായി ബന്ധപ്പെട്ട് ബേളാരം കഴിഞ്ഞ ഏപ്രിൽ 6 ആം തിയതി ഓൺലൈൻ പ്രഭാഷണ പാരമ്പരക് തുടക്കം കുറിച്ച് കഴിഞ്ഞു. ദാമൻ ഡ്യു വിൽ നിന്നുള്ള പാർലിമെന്റ് അംഗം ഉമേഷ് ഭായി പട്ടേലാണ് പരിപാടി ഉൽഘാടനം ചെയ്‌തത്. വരും ദിവസങ്ങളിൽ ബേളാരം നടത്തുന്ന പരിപാടികളിലേക്ക് എല്ലാ യൂണിയൻ ടെറിട്ടറികളിലെ ജനപ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരെ ക്ഷണിക്കും. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു മൂവ്മെന്റ് ആക്കിത്തീർക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങൾ. ഓരോ ദ്വീപുകളും സന്ദർശിച്ച് ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിനുള്ള പരിപാടികൾക്ക് ലക്ഷദ്വീപിൽ തുടക്കം കുറിക്കുകയാണ്.

എന്നാൽ ഞങ്ങളുടെ യാത്രയിൽ തടസ്സമായി നിൽക്കുന്ന കിരാത നിയമനങ്ങളെക്കുറിച് ചർച്ച ചെയ്യാനാണ് ഈ പത്ര സമ്മേളനം. ലക്ഷദ്വീപിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യൻ പോലീസ് ആക്ട്ലെ സെക്ഷൻ 30 വളരെ ചെറിയ ഇടവേളകൾ മാത്രം നൽകിക്കൊണ്ട് എല്ലാ തൊണ്ണൂറ് ദിവസവും നടപ്പിലാക്കി വരികയാണ്.അതായത് ഒരു പൊതു വേദി പ്രത്യേകിച്ചും രാഷ്ട്രീയമായ ഒരു പൊതു പരിപാടി സംഘടിപ്പിക്കണമെങ്കിൽ രണ്ടു ദിവസം അല്ലെങ്കിൽ നാല്പത്തെട്ട്‍ മണിക്കൂർ മുൻപ് പോലീസ് കമ്മീഷണറുടെ അനുവാദം ഉണ്ടെങ്കിൽ മാത്രമേ സാധ്യമാകൂ. ഇന്ത്യയിൽ ഒരു സ്ഥലത്തും ഇങ്ങനെ ഒരു നിയമം നിലവിലില്ല. ഇത്രയും സമാധാനപരമായ അന്തരീക്ഷം നില നിൽക്കുന്ന ലക്ഷദ്വീപിൽ എന്തിനാണിങ്ങനെ ഒരു നിയമം. ബ്രിട്ടീഷുകാർ ഇന്ത്യക്കാരെ അടിച്ചമർത്താൻ വേണ്ടി ഉണ്ടാക്കിയ കിരാത നിയമങ്ങളുടെ കൂട്ടത്തിൽ ഒന്നാണ് Indian Police Act 1861. രാജ്യം സ്വതന്ത്രമായി എഴുപതോളം വർഷങ്ങൾ പിന്നിട്ടിട്ടും സമാധാനപരമായ പ്രധിഷേധം പോലും ഭരണകൂടത്തിന്റെ നിർദേശാനുസരണം മാത്രം നടക്കണം എന്ന ഉദ്ദേശത്തിൽ ഇത്തരം നിയമങ്ങൾ നിരന്തരമായി നടപ്പിലാക്കുകയാണ് ഭരണ കൂടം. പത്ര കുറിപ്പിന്റെ കൂടെ വെച്ചിരിക്കുന്നത് ലക്ഷദ്വീപിലെ ഭിന്ന ശേഷിക്കാരുടെ സമരത്തിന് സെക്ഷൻ 30 പ്രകാരം ലക്ഷ്യദ്വീപ് ഭരണ കൂടം എട്ട് ഉപാധികളോടെ നൽകിയ അനുമതിയുടെ പകർപ്പാണ്. അതിൽ എട്ടാമത്തെ നിർദ്ദേശം അഡ്മിനിസ്ട്രേറ്ററെ വ്യക്തി പരമായി കുറ്റം പറയരുത് എന്നാണ്. ഒരു ഭരണാധികാരിക്കെതിരെ സമരം നടത്തുമ്പോൾ എന്തൊക്കെ പാലിക്കണം എന്ന് അവർ തന്നെ തീരുമാനിക്കുന്ന സാഹചര്യമാണ് കഴിഞ്ഞ ഇരുപതോളം വർഷങ്ങളായി ലക്ഷദ്വീപിൽ നില നിൽക്കുന്നത്.

സെക്ഷൻ 30 അനുസരിച്ച് ഏതെങ്കിലുമൊരു പ്രദേശത്ത് ഒരേ സമയം രണ്ടു സംഘടനകൾ പ്രതിഷേധ പ്രകടനങ്ങളോ മറ്റു പരിപാടികളോ സംഘടിപ്പിക്കുകയാണെങ്കിൽ അവരോട് പെർമിഷൻ എടുക്കാൻ പോലീസ് ആവശ്യപ്പെടണം എന്നാണ് നിയമത്തിൽ പറയുന്നത് എന്നാൽ നിയമത്തിന് വിപരീതമായി ലക്ഷദ്വീപിൽ ഈ നിയമം ഓരോ 90 ദിവസം കൂടുമ്പോഴും പുതുക്കി ഇറക്കികൊണ്ടിരിക്കുകയാണ് ചെയ്തു വരുന്നത്. ഇതിലൂടെ സമാധാനപരമായി പോലും പ്രതിഷേധിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യമാണ് നിഷേധിക്കപ്പെടുന്നത്.

ഇത് തികച്ചും ഭരണഘടനയുടെ 19 ആം അനുശ്ച്ചേദത്തിന് കടക വിരുദ്ധവും Indian Police Act 1861 നിയമത്തിലെ Section 30 എന്ന നിയമത്തിന് വിപരീതമായുള്ള ഉത്തരവാണ്. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2011 ൽ ലക്ഷദ്വീപിലെ Ex ചീഫ് കൗൺസിലർ ശ്രീ. എ. കുഞ്ഞിക്കോയാ ഒരു കേസ് ഫയൽ ചെയ്യുകയും അന്ന് കോടതി ഉത്തരവിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ വാദം അനുസരിച്ച് ഈ ഉത്തരവ് കേവലം 90 ദിവസം മാത്രം നിലനിൽക്കുന്നതാണെന്ന വാദത്തിൽ ഹരജി തീർപ്പാക്കുകയും ചെയ്തു. പിന്നീട് 2024 ൽ സാമൂഹ്യ പവർത്തകനായ മഹദാ ഹുസ്സൈൻ ഇതേ വിഷയവുമായി ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയെ സമീപിക്കുകയും 2011 ൽ ഇതേ വിഷയത്തിൽ കോടതി എടുത്ത 90 ദിവസത്തേക്ക് എന്ന അതെ രീതിയിൽ തന്നെ ഹരജി തീർപ്പ് കൽപിക്കപ്പെടും ചെയ്തു. പതിറ്റാണ്ടുകളായി ഓരോ 90 ദിവസം കൂടുമ്പോഴും പുതുക്കി ഇറക്കുന്ന ഈ ഉത്തരവ് തികച്ചും ലക്ഷദ്വീപിൽ അനിശ്ചിതകാല അടിയന്തരാവസ്ഥക്ക് സമാനമാണ്. ഒരു പൗരന് സമാധാനപരമായി പ്രതിഷേധിക്കാൻ 48 മണിക്കൂർ മുൻമ്പേ പോലീസ് സ്റ്റേഷനിൽ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയും അഡ്മിനിസ്റ്ററ്ററെ വിമർശിക്കാൻ പാടില്ലാ തുടങ്ങിയ നീണ്ട നിബന്ധനകളോടെയുള്ള അനുമതിപത്രം ലഭിക്കുകയും വേണം. മാത്രമേ ദ്വീപുകാരന് പ്രതിഷേധിക്കാൻ അവസരം ലഭിക്കുകയുള്ളു.

Kaka Ramakrishna v. The State of Andhra Pradesh എന്ന കേസിൽ ബഹുമാനപ്പെട്ട കോടതിയുടെ വിധിയിൽ സമാധാനപരമായി ഒത്തുകൂടാനുള്ള അവകാശം, തെരുവുകൾ, പൊതുസ്ഥലങ്ങൾ, ഇടവഴികൾ മുതലായവയിൽ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഈ നിയമ വകുപ്പുകളുടെ ബലത്തിൽ പൂർണ്ണമായും പരിമിതപ്പെടുത്താനാവില്ല. ആക്ടിലെ സെക്ഷൻ 30(2) പ്രകാരം പോലും, ഘോഷയാത്ര /യോഗം തടസ്സപ്പെടുത്താൻ ഇടയുണ്ടെന്ന് ഉദ്യോഗസ്ഥന് അഭിപ്രായമുണ്ടെങ്കിൽ മാത്രമേ ലൈസൻസിന് നിർബന്ധിക്കാൻ കഴിയൂ. ലക്ഷദ്വീപിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് രാജ്യത്ത് ഏറ്റവും കുറവാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, ക്രമസമാധാനപാലനത്തിൻ്റെമറവിൽ, 1861 ലെ നിയമത്തിലെ സെക്ഷൻ 30 പ്രകാരമുള്ള ഉത്തരവ് എന്നെന്നേക്കുമായി നീട്ടുന്നത് പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമാണ്.

2008 ലെ പ്രസിദ്ധമായ മസ്ദൂർ കിസാൻ ശക്തി സംഘം കേസിൽ, ഇന്ത്യയിലെ പൊതുസ്ഥലങ്ങളിൽ സമാധാനപരമായ പ്രകടനങ്ങൾക്ക് പൗരന്മാർക്ക് അവകാശമുണ്ടെന്നുള്ള സുപ്രീം കോടതിയുടെ നിർണ്ണായക വിധിയായിരുന്നു. ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധങ്ങൾ നിരോധിച്ച പോലീസ് നടപടി ചോദ്യം ചെയ്തുകൊണ്ട് Mazdoor Kisan Shakti Sangathan സുപ്രീം കോടതിയെ സമീപിച്ചപ്പോൾ, കോടതി Article 19(1)(a), 19(1)(b), 19(1)(c) പ്രകാരം പ്രസ്താവന, സമാഹാരം, കൂട്ടായ്മ എന്നിവയെ അടിസ്ഥാന അവകാശങ്ങൾയായി അംഗീകരിച്ചു. സമാധാനപരമായ പ്രതിഷേധം ഒരു ജനാധിപത്യത്തിന്റെ ആത്മാവാണെന്ന് കോടതി വ്യക്തമാക്കിയതോടെ, ഭരണകൂടങ്ങൾ ഇത്തരം പ്രക്ഷോഭങ്ങൾക്കായി യുക്തിസഹമായ മാർഗങ്ങൾ ഒരുക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണെന്നും അതിനെ തടയാൻ ഭരണകൂടം ചുമത്തുന്ന നിയന്ത്രണങ്ങൾ നീതിസമ്മതമായും അനുപാതപരമായും ആയിരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സെക്ഷൻ 144 പോലുള്ള നിയമങ്ങൾ അടിയന്തിര സാഹചര്യം ഇല്ലാതെ ആവർത്തിച്ച് ഉപയോഗിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. വാക്കിന്റെ സ്വാതന്ത്ര്യവും സമാധാനപരമായി ഒത്തുചേരാനുള്ള അവകാശവും സംരക്ഷിക്കപ്പെടേണ്ടതും, അതിനായി സർക്കാർ സൗകര്യം ഒരുക്കേണ്ടതുമാണെന്ന് ബഹുമാനപ്പെട്ട കോടതി നിരീക്ഷിച്ചു.

2016 ലെ അനിത താക്കൂർ കേസിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി സമാധാനപരമായ പ്രതിഷേധങ്ങൾ ഭരണഘടനാപരമായ അവകാശമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആർട്ടിക്കിൾ 19(1)(a), (b), (c) പ്രകാരം, സമാധാനപരമായ പ്രകടനങ്ങൾ, യോഗങ്ങൾ എന്നിവയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നാണ് ബഹുമാനപെട്ട സുപ്രീം കോടതിയുടെ മറ്റൊരു നിരീക്ഷണം.

സമാധാനപരമായ പ്രതിഷേധങ്ങൾ ഒരു പൗരന്റെ അവകാശമെന്ന് ഭരണഘടനയും രാജ്യത്തിന്റെ പരമോന്നത നീതിപീഠവും ആവർത്തിച്ച് പറയുമ്പോഴും അതിനൊന്നും യാതൊരു വിധ രീതിയിലുള്ള പരിഗണനയും നൽകാതെ ലക്ഷദ്വീപ് ഭരണകൂടം പതിറ്റാണ്ടുകളായി സെക്ഷൻ 30 എന്ന നിയമത്തെ വളച്ചൊടിക്കുകയും പൗരന്റെ അവകാശങ്ങൾ തടഞ്ഞു വെചു കൊണ്ട് അടിയന്തിരാവസ്ഥക്ക് സമാനമായ സാഹചര്യങ്ങൾ നില നിലനിർത്തിക്കൊണ്ട് ഇന്നും ഈ ഉത്തരവ് തുടർന്നുകൊണ്ടരിക്കുകയാണ്. 2011 ലെ ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയുടെ കണ്ടെത്തൽ പ്രകാരം ഈ ഉത്തരവ് കേവലം 90 ദവസത്തേക്ക് മാത്രം നിലനിൽക്കുന്നതാണ്. പിന്നീട് 2024 ലും ഇതേ കണ്ടെത്തലാണ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. 2011 ൽ ചലഞ്ച് ചെയ്യപ്പെട്ട നിയമം 2024 ലും ചലഞ്ച് ചെയ്യപ്പെടുമ്പോൾ അതിനർത്ഥം 13 വര്ഷം കഴിഞ്ഞിട്ടും അതെപടി നിയമം നിലനിൽക്കുന്നു എന്നതാണ്. ഈ കാര്യത്തിൽ ലക്ഷദ്വീപ് ഭരണകൂടം ബഹുമാനപ്പെട്ട കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്ന് വേണം മനസ്സിലാക്കാൻ.

ഞങ്ങൾ കോടതിക്കകത്തും പുറത്തും ഇത്തരം ഏകാധിപത്യ പ്രവണതകളെ നേരിടും ഞങ്ങളുടെ പോരാട്ടം ലക്ഷദ്വീപിലും എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ജനാധിപത്യം ലഭിക്കുന്നതിന് വേണ്ടിയാണ്. ഈ പോരാട്ടത്തിൽ ഇന്ത്യാ മഹാരാജ്യത്തിലെ എല്ലാ ജനാധിപത്യ വിശ്വാസികളും ഞങ്ങളോടപ്പം ചേർന്ന് നിൽക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

belaram

Belaram is a news portal that reports on Lakshadweep from within the islands.

Leave a Reply

Your email address will not be published.