ദ്വീപുകളിലെ ശുദ്ധജല പാളി: കരുതലില്ലെങ്കിൽ നാളെ കുടിവെള്ളമുണ്ടാവില്ല

/

RAJESHWARI BT- RESEARCHER

മനുഷ്യരാശി തങ്ങളുടെ നിലനിൽപ്പിനും ഉപജീവനത്തിനും പുരോഗതിക്കും വേണ്ടി ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് സഞ്ചരിക്കുകയും വനങ്ങൾ, തണ്ണീർത്തടങ്ങൾ, മഞ്ഞുമലകൾ, മരുഭൂമികൾ, തീരപ്രദേശങ്ങൾ തുടങ്ങി തങ്ങൾക്ക് അനുയോജ്യമെന്ന് തോന്നിയ സ്ഥലങ്ങൾ കണ്ടെത്തുകയും ചെന്നെത്തിപെട്ട സ്ഥലങ്ങൾക്കും അവിടെയുള്ള വിഭവങ്ങൾക്കുമനുസരിച്ച് ജീവിതം കെട്ടിപ്പടുക്കുകയും ചെയ്തു. അത്തരത്തിൽ മനുഷ്യർ വാസമുറപ്പിച്ച സ്ഥലങ്ങളിൽ ഒന്നാണ് ദ്വീപുകൾ. വിഭവങ്ങളുടെ പരിമിതി മൂലവും പ്രകൃതിയിൽ നിന്നുള്ള പ്രതിസന്ധികൾ മൂലവും ജനങ്ങൾ ധാരാളം പ്രയാസങ്ങൾ അനുഭവിച്ച; അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭൂപ്രദേശങ്ങളാണ് ദ്വീപുകൾ. 

മനുഷ്യർക്കും മറ്റു ജന്തുജീവജാലങ്ങൾക്കും ദ്വീപുകളിൽ ജീവിക്കാൻ അനിവാര്യമായ ചില ഘടകങ്ങളുണ്ട്. ലക്ഷദ്വീപിന്റെ കാര്യം നോക്കിയാൽ ദ്വീപിലെ കര, അതിനെ ചുറ്റി നിൽക്കുന്ന പവിഴപ്പുറ്റിന്റെ മതിൽ, അതിനുള്ളിലെ ലഗൂൺ, ശുദ്ധജലം, അങ്ങനെയുള്ള  അനേകം കാര്യങ്ങൾ. അക്കൂട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകത്തെ പറ്റിയാണ് ഈ കുറിപ്പിൽ നമ്മൾ ചർച്ച ചെയ്യുന്നത്. വെള്ളം..!!

ലക്ഷദ്വീപിലെ ഇരുപത്തിയൊമ്പത്  ദ്വീപുകളിൽ 10 എണ്ണത്തിൽ മാത്രമാണ് ജനവാസമുള്ളത്. അതിനുള്ള  പ്രധാന കാരണം ഈ പത്ത് ദ്വീപുകളിലുമുള്ള കുടിവെള്ളത്തിന്റെ സാന്നിദ്ധ്യമാണെന്നാണ് ദ്വീപിലെ മുൻ തലമുറയിലെ പലരിൽ നിന്നും കേട്ടറിഞ്ഞത്. 

എങ്ങനെയാണ്  ഭൂമിക്കടിയിൽ ശുദ്ധജലപാളി രൂപപ്പെട്ടത്?

മഴ, സൂര്യപ്രകാശം, പവിഴമണൽ (ദ്വീപിലെ മണൽ) എന്നിവയുടെ ഒത്തുചേരലിൽ സംഭവിക്കുന്ന ഒരു അത്ഭുത പ്രതിഭാസമാണ് ഭൂഗർഭ ജലം വഹിക്കുന്ന ഈ ശുദ്ധജല പാളി. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന, ഇപ്പോഴും പരിണമിച്ചുകൊണ്ടിരിക്കുകയും കൊണ്ടിരിക്കുന്ന ഒരു പ്രക്രിയായാണിത്. 

ലക്ഷദ്വീപ്  ഭൂമധ്യരേഖയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സ്ഥലമായതുകൊണ്ടും താഴ്ന്ന ഭൂപ്രദേശവുമായതിനാലും ചൂട് കൂടുന്നതിനനുസരിച്ച് ഇവിടെ എളുപ്പത്തിൽ സമുദ്രജലം നീരാവിയാവും. ഇങ്ങനെ നീരാവിയാകുന്ന സമുദ്രജലം മഴമേഘങ്ങളോടൊപ്പം ചേരുന്നു. തുടർന്ന് പെയ്യുന്ന  മഴയിലൂടെ ദ്വീപിൽ എത്തുന്ന വെള്ളം ദ്വീപിലെ മണ്ണിനിടയിലൂടെ അരിച്ചു താഴേയ്ക്കിറങ്ങുന്നു. ഇപ്രകാരം ഭൂമിക്കടിയിലേക്ക് ഇറങ്ങുന്ന മഴവെള്ളം സാന്ദ്രത കൂടിയ ഉപ്പുവെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്നു. സാന്ദ്രത കൂടിയ വെള്ളത്തിന് മുകളിൽ സാന്ദ്രത കുറഞ്ഞ എണ്ണ പൊങ്ങിക്കിടക്കുന്നത് പോലെ. അങ്ങനെ ശുദ്ധജലത്തിന്റെ ഒരു നേർത്ത പാളി ഭൂമിക്കടിയിൽ രൂപപ്പെടുന്നു.അങ്ങനെ, മഴയും ശുദ്ധജല പാളിയുടെ റീചാർജും ബാഷ്പീകരണവും തമ്മിലുള്ള ഈ സങ്കീർണ്ണമായ സന്തുലിതാവസ്ഥ, ദ്വീപുകളിലെ ജീവൻ നിലനിർത്തുവാൻ ആവശ്യമായ ശുദ്ധജല പാളി രൂപപ്പെടാനും നിലനിൽക്കുവാനും കാരണമാകുന്നു. അതായത്, പല ലയറുകളുള്ള ഒരു കേക്ക് പോലെയാണ് ദ്വീപിലെ ഭൂമിയുടെ അടിഭാഗമെങ്കില്‍  അതിനിടയിൽ മറഞ്ഞിരിക്കുന്ന നദി പോലെയാണ് ദ്വീപിലെ ശുദ്ധജല പാളി. ഈ പാളികൾക്കിടയിൽ ചെറിയ രീതിയിൽ ഒഴുകുവാൻ കഴിയുന്നത് ശുദ്ധജലത്തെ ഗുണമേന്മയോടെ നിലനിർത്തുവാന്‍  സഹായിക്കുന്നു.മിക്ക ദ്വീപുകളുടെയും ചില ഭാഗങ്ങളിൽ ഇത്തരത്തിലുള്ള തോട്ടം എന്ന് വിളിക്കുന്ന പ്രദേശങ്ങൾ കാണാം. ഈ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ ഉപ്പിന്റെ അളവു കുറഞ്ഞ കുടിവെള്ളം ലഭിക്കുന്നതായി കണ്ടുവരുന്നത്.

ദ്വീപിൻ്റെ തെക്കു ഭാഗത്തെ വെള്ളത്തിൽ ഉപ്പ് കൂടുതലാണെന്ന് ദ്വീപുകളിൽ പൊതുവേ പറഞ്ഞു കേൾക്കുന്ന ഒന്നാണ്.

കാരണം, ദ്വീപുകളുടെ ഭൂപ്രകൃതിയും ശുദ്ധജല പാളിയുടെ രൂപീകരണത്തിനും ഘടനയ്ക്കും സഹായകമാകുന്നുണ്ട്. ശുദ്ധജല പാളിയുടെ ആഴവും ഉപ്പിൻ്റെ അളവിലുള്ള ഏറ്റക്കുറച്ചിലും പൊതുവെ ദ്വീപിൻ്റെ വീതിയെ ആശ്രയിച്ചാണിരിക്കുന്നത്. ഉദാഹരണത്തിന്, കവരത്തിയുടെ വടക്ക് ഭാഗം പോലെ വീതി കൂടിയ ദ്വീപുകൾക്ക് കടമത്ത് പോലുള്ള വീതി കുറഞ്ഞ ദ്വീപുകളേക്കാൾ കൂടുതൽ ശുദ്ധജലം സംഭരിക്കാൻ കഴിയും.

എന്തുകൊണ്ടാണ് ദ്വീപുകളിലെ വശങ്ങളിൽ കൂടുതൽ ഉപ്പുകലർന്ന വെള്ളം എന്നറിയുമോ?

ശുദ്ധജല പാളിയും വേലിയേറ്റങ്ങൾക്കും വേലിയിറക്കങ്ങൾക്കുമൊപ്പം മാറ്റങ്ങൾ സംഭവിക്കാറുണ്ട്. വേലിയേറ്റ സമയങ്ങളിൽ, പാളിയുടെ ഒരു ഭാഗം മണ്ണിലെ വിടവുകളിലൂടെ ലഗൂണിലേക്ക് ഒഴുകുന്നു. അതോടൊപ്പം ലഗൂണിൽ നിന്നുള്ള വെള്ളം പാളിയിലേയ്ക്കും കലരുന്നുണ്ട്. അതിനാലാണ്ദ്വീപുകളുടെ വശങ്ങളിൽ മിശ്രണത്തിനു കാരണമാകുന്നത്.അതായത് മഴവെള്ളം ശേഖരിക്കുന്ന പ്രത്യേക സ്പോഞ്ചുകൾ പോലെയാണ് ദ്വീപുകൾ എന്ന് കരുതുക, അതിന്റെ ഘടന അനുസരിച്ച് മഴവെള്ളം എളുപ്പത്തിൽ ഒരു ഭാഗത്തേക്ക് നീങ്ങുകയും ആവശ്യത്തിൽ കൂടുതൽ ഒഴുകുന്നത് തടയുകയും ചെയ്യുന്നു. ഒരു വലിയ പ്രകൃതിദത്ത പാത്രം പോലെയാണത് പ്രവര്‍ത്തിക്കുന്നത്.ഇത്തരത്തില്‍ നൂറ്റാണ്ടുകള്‍കൊണ്ടാണ് ലോലവും എന്നാൽ ശക്തവുമായ ഒരു ശുദ്ധജല പാളി ദ്വീപിൽ രൂപപ്പെട്ടത്.

ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ ഘടകങ്ങളുടെ ഈ യോജിച്ചുള്ള ഇടപെടലിലൂടെയാണ്, ലക്ഷദ്വീപ് എന്ന വീടിനെ ഇവിടുത്തെ ആളുകൾക്കും മറ്റുജീവജാലങ്ങൾക്കും ജീവിക്കാൻ പറ്റുന്ന ഇടമാക്കി മാറ്റിയത്.ദ്വീപ് ആവാസവ്യവസ്ഥയിൽ, പ്രത്യേകിച്ച് ലക്ഷദ്വീപ് പോലെയുള്ള സ്ഥലങ്ങളിൽ ശുദ്ധജല പാളി സംരക്ഷിക്കുന്നതിൽ പവിഴപ്പുറ്റു മതിലിനും ലഗൂണിനും വലിയ പങ്കുണ്ട്. 

പവിഴപ്പുറ്റുകളും ബില്ലവും (ലഗൂൺ), തിരമാലകളുടെയും വലിയ കാറ്റുകളുടെയും ആഘാതത്തിനെതിരെ ഒരു കരുതലായി നിൽക്കുന്ന പവിഴപ്പുറ്റുകളെ നമുക്കെല്ലാം അറിയാം.  അതിലൂടെ, ദ്വീപുകളുടെ സംരക്ഷിക്കുന്നതിനും ഉപ്പുവെള്ളം ഉള്ളിലേക്ക് തള്ളിക്കയറുന്നതിന്റെ ശക്തി കുറയ്ക്കുന്നു ഒപ്പം ശുദ്ധജല പാളി നശിക്കാതിരിക്കാനും പവിഴപ്പുറ്റുകൾ സഹായകമാകാറുണ്ട്.

ഇതൊന്നും കൂടാതെ ദ്വീപിലെ ചെടികൾ, മഴയുടെ അളവ്, ദ്വീപിന്റെ ഘടന, ദ്വീപു നിവാസികളുടെ ശുദ്ധജല ഉപയോഗത്തിലെ കരുതലും ശുദ്ധജല പാളിയുടെ ഗുണമേന്മ നിലനിർത്തുന്നതിൽ സഹായിക്കുന്നുണ്ട്.

കാലാവസ്ഥാവ്യതിയാനവും വിഭവങ്ങളുടെ ഉപയോഗവും

 കാലാവസ്ഥയിലെ മാറ്റങ്ങള്‍ പവിഴപ്പുറ്റുകളുടെ ആരോഗ്യത്തെ ബാധിക്കുന്നതുപോലെ തന്നെ മഴയുടെ അളവിനെയും ഒപ്പം സമുദ്രജലത്തിന്റെ ഏറ്റക്കുറച്ചിലുകളിലും കാര്യമായ  മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇവയെല്ലാം മുന്‍ നിര്‍ത്തി നോക്കുമ്പോള്‍ ശുദ്ധജല പാളിയുടെ ആരോഗ്യവും ഭീഷണിയിലാണ്. എന്നാല്‍, വ്യക്തിഗതമായ ഇടപെടലുകൾ, കുടുംബപരമായ ഇടപെടലുകൾ, സാമൂഹികമായ ഇടപെടലുകൾ എന്നിവയിലൂടെ തീര്‍ച്ചയായും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനും മാറ്റം വരുത്തുവാനും കഴിയും. അതിലൂടെ ദ്വീപിലെ ശുദ്ധജലപാളിയുടെ സംരക്ഷണത്തിന് കൂടുതല്‍ കാലം ഉറപ്പുനല്‍കുവാനും കഴിയുന്നതാണ്. അതായത് ദ്വീപുനിവാസികള്‍ എങ്ങനെ ഇവിടുത്തെ ശുദ്ധജലം ശ്രദ്ധയോടെ ഉപയോഗിക്കുന്നു എന്നതിനനുസരിച്ചു കൂടിയാണ് ദ്വീപിലെ  ശുദ്ധജല പാളിയുടെ ഗുണമേന്മ നിലനില്‍ക്കുന്നത്. 

അമിതമായ പമ്പിംഗ്, കുടിവെള്ള കിണറുകളോട് ചേര്‍ത്ത് സെപ്റ്റിക് ടാങ്ക് കെട്ടുക, കുടിവെള്ള കിണറിനോട് ചേർത്തുള്ള അടുക്കള മാലിന്യങ്ങളുടെ ചാലുകൾ നിർമ്മിക്കുന്നത്, തീരങ്ങളിലും മറ്റും പ്ലാസ്റ്റീക് മാലിന്യങ്ങള്‍ വലിച്ചെറിയുക തുടങ്ങിയവ ഭൂഗർഭ ജലം നേരിടുന്ന പ്രതിസന്ധികളാണ്. 

2022 ല്‍ ഞങ്ങള്‍ നടത്തിയ ദ്വീപിലെ കുടിവെള്ള ഉപയോഗത്തിന്റെ കണക്കിനായുള്ള സര്‍വേ പ്രകാരം (ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല) കവരത്തി ദ്വീപില്‍ മാത്രം ഒരുദിവസം ഒരാള്‍ ഉപയോഗിക്കുന്നത് 145 ലിറ്റര്‍ ഭൂഗര്‍ഭ ജലമാണ്. അത് ശരാശരി ഇന്ത്യയിലെ പട്ടണത്തില്‍ താമസിക്കുന്ന ആളുടെ ഉപയോഗത്തിന് തുല്യമാണ്. കരയേ അപേക്ഷിച്ച് ദ്വീപിലെ ശുദ്ധജലപാളി വളരെ ചെറുതായതുകൊണ്ട് തന്നെ ഇത്രയും അധികമുള്ള ശുദ്ധജലത്തിന്റെ ഉപയോഗം ശുദ്ധജല പാളിക്ക് വളരെ ഹാനീകരമാണ്.

അമിതമായ പമ്പിംഗ്, ശുദ്ധജല പാളിയുടെ ആഴം കുറച്ച് അവയെ ചെറുതാക്കുകയും അതുവഴി കടലിൽ നിന്നുമുള്ള ഉപ്പുവെള്ളം ശുദ്ധജല പാളിയിലേയ്ക്ക് കൂടി കലരുന്നതിനു  കാരണമാകുകയും ചെയ്യുന്നു. ഇത് ദ്വീപിലെ നിവാസികൾക്കും മറ്റു ജീവജാലങ്ങൾക്കും ആവശ്യമായ ശുദ്ധജലത്തിൻ്റെ അളവിലും ഗുണനിലവാരത്തിലും കുറവുണ്ടാക്കും. ഇത്തരത്തില്‍ നോക്കിയാല്‍ ഉയര്‍ന്ന നിലകളുള്ള വീടുകളില്‍ മുകളിലേക്ക് പമ്പ് ചെയ്യുന്നത് മാത്രമല്ല ഇവിടെ പ്രശ്‌നം കൂടിയ ശേഷിയുള്ള (കൂടുതൽ Horse power ഉള്ള) പാമ്പുകൾ ഉപയോഗിക്കുന്ന വീടുകളും എല്ലാദിവസവും മോട്ടര്‍ ഉപയോഗിക്കുന്നവീടുകളും ഒരുപോലെ പ്രശ്നമാണ് (I White at. al., 2009).

 കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ദ്വീപുകളിലെ ശുദ്ധജല പാളികളെ ദോഷകരമായി ബാധിക്കാതിരിക്കാൻ ഉയർന്ന ഹോർഴ്സ് പവറുള്ള പമ്പുകളുടെ ഉപയോഗം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ശ്രദ്ധാപൂർവ്വം വിലയിരുത്തുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

അതുപോലെ തന്നെ കുടിവെള്ളത്തില്‍ വലിയ രീതിയില്‍ ഹാനീകരമാകുന്ന ഒന്നാണ് കിണറിനരികില്‍ സെപ്റ്റിക് ടാങ്ക് നിര്‍മിക്കുന്നത്. ലക്ഷദ്വീപില്‍ തന്നെ നടന്ന നിരവധി പഠനങ്ങളില്‍ തന്നെ പറയുന്നുണ്ട് കുടിവെള്ളത്തില്‍ ഇ കോള ബാക്ടീരിയയുടെ സാന്നിധ്യം കൂടുന്ന കാര്യം. കുടിവെള്ള കിണറുകളോട് ചേര്‍ന്ന് ഇ ടാങ്കുകള്‍ നിര്‍മിക്കുന്തോറും നമ്മുടെ കുടിവെള്ളം മലിനമായി കൊണ്ടിരിക്കും (madhusoodhanan g. et al., 2006). . 

ദ്വീപുകളിലെ പ്ലാസ്റ്റിക്കും മറ്റ് ഖര മാലിന്യങ്ങളും ലഗൂണിലേക്കും കരയില്‍തന്നെയും വലിച്ചെറിയുന്നതിലൂടെ ഇവ മണ്ണിനടിയിലേക്ക് ചേരുകയും തുടർന്ന് ഈ മാലിന്യങ്ങള്‍ കുടിവെള്ളത്തിലേക്ക് ചേരുന്നു എന്നതും സ്വാഭാവികമാണ്. നമ്മുടെ വീടിന്റെ മുറ്റം മാത്രം വൃത്തിയായതുകൊണ്ട് ഇവിടെ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. ലഗൂണിലും കടപ്പുറത്തും മറ്റ് കരഭാഗങ്ങളിലേക്കും കുഴിച്ചിടുന്നതിലൂടെ മാലിന്യം നമ്മുടെ കണ്‍മുന്നില്‍ നിന്ന് മാത്രമെ മറയുന്നുള്ളൂ. ഈ മാലിന്യങ്ങള്‍ തീര്‍ച്ചയായും കുടിവെള്ളത്തിലൂടെയും മറ്റും നമ്മുടെ ഉള്ളില്‍ തന്നെ തിരിച്ചെത്തുന്നുണ്ട്. 

ദ്വീപിലെ വെള്ളവും കരയും തമ്മില്‍ വളരെ അടുത്ത ബന്ധപ്പെട്ടുനില്‍ക്കുന്നു എന്നുള്ളതിന് മറ്റൊരു ഉദാഹരണമാണ് ചിലയിടങ്ങളിലെ വെള്ളത്തിലെ ഓയിലിന്റെ സാന്നിധ്യം. അഗത്തിയിലെ പവര്‍ഹൗസിനടുത്തുള്ള കിണറ്റിലെ വെള്ളത്തില്‍ ഓയിലിന്റെ സാന്നിധ്യം മൂലം വെള്ളം കുടിക്കാന്‍ ബുദ്ധിമുട്ടാണെന്നുള്ളത് ആ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍തന്നെ സൂചിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ കവരത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിരിക്കുന്ന പെട്രോള്‍ ടാങ്കുകളും ഇതുപോലെ കുടിവെള്ളത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിലും സംഭവിച്ചിട്ടുണ്ട്.  ഭൂഗർഭ സംഭരണ ടാങ്കുകൾ (യുഎസ്‌ടി) പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഉണ്ടാക്കുന്ന അപകടങ്ങൾ പ്രശ്നങ്ങൾ ഈ റിപ്പോർട്ടിൽ പറയുന്നുണ്ട് sierra club report.

ശുദ്ധജലപാളിയിലേക്ക് വെള്ളം എത്തുന്നതിനെ ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് ദ്വീപുകളിലെ കോൺക്രീറ്റ്/ഇൻ്റർലോക്ക് തറകൾ. ഇവ അധികമാകുന്നതിലൂടെ സ്വാഭാവികമായും ദ്വീപിലെ മണ്ണിലേക്ക് മഴവെള്ളത്തിന് അരിച്ചിറങ്ങാൻ കഴിയാതെ വരുന്നു. 

NIOT സ്ഥാപിച്ച കടൽവെള്ളം ശുദ്ധീകരിക്കുന്ന പദ്ധതികൾ ഒരു പരിഹാരമായി പലപ്പോഴും നമ്മള്‍ കാണുന്നുണ്ടെങ്കിലും മാറിവരുന്ന കാലാവസ്ഥയുടെ സാഹചര്യത്തില്‍ പ്രത്യേകിച്ച് അതൊരു ദീര്‍ഘകാല പ്രശ്‌ന പരിഹാരമാകണമെന്നില്ല. ഒരു വലിയ കാറ്റോ മഴയോ ഉണ്ടായാല്‍ ഇത്തരം പ്ലാന്റുകളുടെ പണി മുടക്കാന്‍  കഴിയും. അതുകൊണ്ട് തന്നെ കുടിവെള്ളം ലഭിക്കുന്നതിനായി പലവിധ മാര്‍ഗങ്ങളുണ്ടാകുന്നതാണ് ദ്വീപുകളില്‍ നല്ലത്. കിണറുകള്‍, സാമൂഹ്യതലത്തിലുള്ള വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍, മഴ വെള്ള സംഭരണികൾ തുടങ്ങിയവ . 

കുടിവെള്ളവുമായി ബന്ധപ്പെട്ട് മാലീദ്വീപിലുണ്ടായ ഒരു സംഭവം കൂടി ഇവിടെ ചേര്‍ക്കുന്നു. 2014 ല്‍ നടന്ന ഒരു തീപിടുത്തത്തില്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ നശിക്കുകയുണ്ടായി. ഈ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ മാത്രമായിരുന്നു മാലിദ്വീപിലെ മാലെ ദ്വീപിലെ പ്രധാന കുടിവെള്ള സ്രോതസ്സ്. കാരണം, ശുദ്ധജല പാളി പൂണ്ണമായും അവിടെ ഉപയോഗിച്ചും ഉപ്പു വെള്ളം കയറിയും തീർന്നിരുന്നു. തുടർന്ന് മാലെ ദ്വീപുനിവാസികളുടെ കുടിവെള്ളം ലഭിക്കുന്നതിനുള്ള വഴിയടയുകയും. തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് നേരിട്ട് കുടിവെള്ളം എത്തിക്കുകയുമായിരുന്നു.

ഈ സാഹചര്യങ്ങളെയെല്ലാം മുന്‍നിര്‍ത്തി നോക്കുമ്പോള്‍, ലക്ഷദ്വീപിലെ ടൂറിസവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ചര്‍ച്ചകളിൽ ഇവിടുത്തെ ശുദ്ധജലത്തിന്റെ ലഭ്യതയും ഈ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

ഉത്തരവാദിത്തപൂർണ്ണമായി ശുദ്ധജലം ഉപയോഗിക്കുക. ഒരു കാരണവശാലും ശുദ്ധജലം പാഴാക്കാതിരിക്കുക. 

 

belaram

Belaram is a news portal that reports on Lakshadweep from within the islands.

Leave a Reply

Your email address will not be published.