കൽപേനിയിലെ ജിന്ന് പള്ളിയുടെ ഓർമ്മകൾ.

കൽപേനി ദ്വീപ് ഏകദേശം 8 കിലോമീറ്റർ നീളമുള്ള രണ്ട് കിലോമീറ്ററോളം വീതി മാത്രമുള്ള കൊച്ച് ദ്വീപാണ്. ദ്വീപിൻ്റെ മധ്യഭാഗം വീതി കൂടുതലുള്ളതു കൊണ്ടായിരിക്കാം അവിടെ ജനവാസ മേഖലയായി മാറിയത്. ദ്വീപിൻ്റെ തെക്ക് വടക്ക് ഭാഗങ്ങൾ ആൾ താമസമില്ലാതെ ഒഴിഞ്ഞ് കിടക്കുകയാണ്. മർഹൂം ഡോ.ബംബൻ്റെ കുന്നാകുലം തറവാട് വീടാണ് കുറെ വർഷങ്ങൾക്ക് മുമ്പ് വരെ ഏറ്റവും തെക്ക് ഭാഗത്തുണ്ടായിരുന്നത്. അതിനപ്പുറം അക്കാലത്ത് ആൾ താമസമില്ലായിരുന്നു.

കല്പേനി ദ്വീപിൻ്റെ തെക്കേ മുനമ്പത്ത് ഒരു പള്ളിയുണ്ട്. ചരിത്ര പ്രസിദ്ധമായ മുഹിയിദ്ദീൻ പള്ളിയാണത്. ഏത് വർഷമാണ് ആരാണ് പള്ളി പണികഴിപ്പിച്ചത് എന്നതിന് വ്യക്തമായ രേഖകളില്ല. എന്നാൽ പള്ളിയുടെ ഉൽഭവത്തെ പറ്റി ഒരു പാട് ഐതീഹ്യങ്ങൾ നാട്ടുകാർക്കിടയിൽ നിലനിൽക്കുന്നുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്. ഏകദേശം നാലോ അഞ്ചോ നൂറ്റാണ്ടുകൾക്ക് മുമ്പ് കല്പേനി ദ്വീപുകാർ ഇന്ന് മുഹിയിദ്ദീൻ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും ഏകദേശം 500 മീറ്റർ വടക്ക് മാറി ഒരു പള്ളി നിർമ്മാണം ആരംഭിച്ചു. രാവിലെ മുതൽ വൈകുന്നേരം വരെ നാട്ടുകാർ പള്ളിനിർമ്മാണ ജോലികൾ ചെയ്തിട്ട് പിറ്റേന്ന് രാവിലെ ജോലി തുടരാം എന്ന ധാരണയിൽ എല്ലാവരും വീടുകളിലേക്ക് മടങ്ങി. എന്നാൽ പിറ്റേ ദിവസം രാവിലെ പള്ളിയുടെ നിർമ്മാണ ജോലി തുടരാൻ വന്ന നാട്ടുകാർ കാണുന്നത് ഇപ്പോൾ മുഹിയിദ്ദീൻ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഇന്ന് കാണുന്ന അതേ അവസ്ഥയിൽ ഒരു പള്ളി ഒറ്റ രാത്രി കൊണ്ട് ആരോ നിർമ്മിച്ചിരിക്കുന്നു. ഇത് എങ്ങനെ സംഭവിച്ചു എന്ന് അന്തംവിട്ട് നിന്ന നാട്ടുകാരോട് അന്നത്തെ മതപണ്ഡിതന്മാർ പറഞ്ഞത് ജിന്നുകളാണ് പുതിയ പള്ളി നിർമ്മിച്ചത് എന്നും നാട്ടുകാർ നിർമ്മിച്ച് കൊണ്ടിരിക്കുന്ന പള്ളിയുടെ നിർമ്മാണ ജോലികൾ നിർത്തിവയ്ക്കാനും പകരം ജിന്നുകൾ നിർമ്മിച്ച പള്ളിയിൽ പ്രാർത്ഥനകൾ ആരംഭിക്കുവാനും ആവശ്യപ്പെട്ടുപോലും. ജിന്ന് പള്ളിക് നാട്ടുകാർ മുഹിയിദ്ദീൻ പള്ളി എന്ന് പേര് നൽകുകയും ചെയ്തു. മുഹിയിദ്ദീൻ ശൈഖിൻ്റെ അനുയായികളായിരുന്നു ഭൂരിപക്ഷം നാട്ടുകാരും അതായിരിക്കും മുഹിയിദ്ദീൻ പള്ളി എന്ന പേര് നൽകാൻ കാരണമായത്.

ഫ്ലാഷ്ബാക്ക്.

1970 തുടക്കകാലഘട്ടം. ഞാൻ ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ പഠിക്കുന്ന കാലം. മുഹ്‌യിദ്ദീൻ പള്ളിയുടെ ഉടമസ്ഥാവകാശവും നടത്തിപ്പവകാശവും എൻ്റെ കുടുംബത്തിനായിരുന്നു. എൻ്റെ ഉമ്മയുടെ ബാപ്പ ചേരിയന്നന്നാൽ മുഹമ്മദ് കോയ നാട്ടിലെ അറിയപ്പെടുന്ന മതപണ്ഡിതനായിരുന്നു. അദ്ദേഹമായിരുന്നു വളരെക്കാലം മുഹിയിദ്ദീൻ പള്ളിയുടെ മുത്തവല്ലിയും ഇമാമുമെല്ലാം. അദ്ദേഹത്തിൻ്റെ മരണശേഷം രണ്ടാമത്തെ മകനായ മുത്താള എന്നറിയപ്പെടുന്ന എൻ്റെ അമ്മാവനാണ് മുഹിയിദ്ദീൻ പള്ളിയുടെ മുത്തവല്ലിയും ഉടമസ്ഥനുമായത്. പള്ളി പരിപാലനവും പ്രാർത്ഥനകളും  മുത്താളയുടെ അധികാരപരിധിയിൽ പെട്ട കാര്യങ്ങളായിരുന്നു. അക്കാര്യത്തിൽ കഴിയും വിധത്തിൽ മുത്താളയെ സഹായിക്കുക എന്നതായിരുന്നു ഞങ്ങൾ കുട്ടികളുടെ അന്നത്തെ കർത്തവ്യം. മുത്താളക്ക്  അസൗകര്യങ്ങൾ ഉണ്ടാകുമ്പോൾ പള്ളിയിലെ ബാങ്ക് വിളിയും നിസ്കാരവും ഏറ്റടുക്കുക എന്നതായിരുന്നു അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. മുഹിയിദ്ദീൻ പള്ളി നാടിൻ്റെ ഏറ്റവും തെക്ക് ഭാഗത്ത് ഒറ്റപ്പെട്ട് കിടക്കുന്നത് കൊണ്ട് ബാങ്ക് വിളിക്കാൻ പള്ളിയിൽ ഒറ്റക്ക് പോകണമെന്നത് ഭയപ്പാടുണ്ടാക്കുന്ന കാര്യമായിരുന്നു. ജിന്നുകൾ അദൃശ്യമായി സദാ സമയവും പള്ളിയിൽ ഉണ്ടാകുമെന്നും അത് കൊണ്ട് പള്ളിയിൽ കുരുത്തകേടുകളൊന്നും കാണിക്കരുതെന്നുമുള്ള മുത്താളയുടെ മുന്നറിയിപ്പാണ് ഭയത്തിന് മുഖ്യകാരണം. അത് കൊണ്ട് പേടിച്ച് വിറച്ചായിരുന്നു പള്ളിയിൽ ഞാൻ ബാങ്ക് വിളി നടത്തിയിരുന്നത്. ജിന്നുകളെ പേടി കാരണം ഞാൻ ബാങ്ക് വിളിച്ചിട്ട് നിസ്കരിക്കാതെ ഇറങ്ങിയോടിയ അവസരങ്ങൾ വരെയുണ്ടായിട്ടുണ്ട്. നിസ്കാരത്തിന് സമയമായെന്നും എല്ലാവരും നിസ്കാരത്തിനായി പള്ളിയിലേക്ക് വരണമെന്നുമാണല്ലോ ബാങ്ക് വിളികൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാവരേയും നിസ്കരിക്കാൻ വേണ്ടി വിളിച്ചിട്ട് ബാങ്ക് വിളിച്ചയാൾ ഇറങ്ങിയോടുന്ന അനൗചിത്യത്തെ കുറിച്ച് പിന്നീട് പലപ്പോഴും ചിന്തിച്ച് മാനസീക പ്രയാസം തോന്നിയിട്ടുണ്ട്. ജിന്നുകളാണ് അതിനൊക്കെ കാരണം എന്ന്  സ്വയം ആശ്വസിക്കുകയും സമാധാനിക്കുകയും ചെയ്യുമായിരുന്നു.

മുഹിയിദ്ദീൻ പള്ളിക്ക് ചുറ്റും ടിപ്പു സുൽത്താൻ്റെ കോട്ടപോലെ ഉയരത്തിലുള്ള കൽഭിത്തികൾ നിർമ്മിച്ചിട്ടുണ്ട്. ഈ കൽഭിത്തിയുടെ വടക്കേ അറ്റത്ത് ഉയരത്തിൽ  മരംകൊണ്ടുള്ള ഒരു കൊടിമരം ഉണ്ട്. എന്തിനാണ് ഇങ്ങനെയൊരു കൊടിമരം എന്ന് ആർക്കും അറിയില്ല. എന്നാൽ ഈ കൊടിമരം എന്നാണോ ഉഴ്ത് മറിഞ്ഞ് പോകുന്നത് അന്ന് ലോകാവസാനമായിരിക്കും എന്നൊക്കെ പഴമക്കാർ തട്ടിവിടുന്നത് കേട്ടിട്ടുണ്ട്. അത് വിശ്വസിച്ച് ഈ കൊടിമരത്തിന് വല്ല ഇളക്കവും തട്ടിയിട്ടുണ്ടോന്ന് ഞങ്ങളെ പോലുള്ള കുട്ടികൾ ഇടക്കിടക്ക് പോയി പരിശോധിക്കാറുണ്ടായിരുന്നു. കൊടിമരത്തിന് ഇളക്കമൊന്നുമില്ല എന്ന് മനസ്സിലാക്കി ലോകാവസാനം ഉടനെ ഉണ്ടാകില്ലന്ന് ഞങ്ങൾ ആശ്വസിക്കുമായിരുന്നു.

പള്ളിക്ക് ചുറ്റിലുമായി ഏഴ് കുളങ്ങൾ കൂടി ജിന്നുകൾ പണിതിട്ടുണ്ട്. അതിൽ ഒരു കുളത്തിലെ വെള്ളം കുടിവെള്ളമാണ്. രോഗശാന്തിക്ക് വേണ്ടിയും മറ്റ് പല ഉദ്ദേശ സാഫല്യത്തിന് വേണ്ടിയും ഈ കുളത്തിലെ ജലം നാട്ടുകാർ കുടിക്കുകയും കുപ്പിയിലാക്കി വീടുകളിലേക്ക് കൊണ്ട് പോകുകയും ചെയ്യാറുണ്ട്. ബാക്കി ആറ് കുളങ്ങളിൽ ഒരു കുളം  സ്ത്രീകൾക്കും കുട്ടികൾക്കും മാത്രം കുളിക്കാൻ വേണ്ടിയുള്ളതാണ്. പള്ളിയുടെ പ്രവേശന കവാടനത്തിനടുത്തുള്ള കുളത്തിന് ചില പ്രത്യേകതകളുണ്ട്. ഈ കുളത്തിലാണ് പള്ളികഴിഞ്ഞവർ എന്നറിയപ്പെടുന്ന അഹ്മദ് സൂഫി അവർകൾ കുളിച്ചിരുന്നത്. കുളത്തിനകത്ത് ഒരു വലിയ മീസാൻ കല്ലുണ്ട്. അത് സ്വർഗ്ഗത്തിലെ കല്ല് എന്നാണ് അഭ്യൂഹം. ഞങ്ങളെ പോലുള്ള കുട്ടികൾ മുങ്ങിപ്പോയി സ്വർഗ്ഗത്തിലെ കല്ല് ചുംബിക്കുക പതിവായിരുന്നു. സ്വർഗ്ഗത്തിലെ കല്ല് എങ്ങനെ ഈ കുളത്തിൽ വന്നു എന്നൊരു ചോദ്യത്തിന് പ്രസക്തിയില്ലായിരുന്നു. കാരണം ജിന്നുകൾ വിചാരിച്ചാൽ നടക്കാത്ത കാര്യങ്ങളില്ലല്ലോ ! ഞാൻ ചില മുതിർന്നവരോട് ജിന്നുകൾ എങ്ങനെയാണ്, അവരെ നമുക്ക് കാണാൻ കഴിയുമോ എന്നൊക്കെ ചോദിക്കുമ്പോൾ അവർ നൽകുന്ന മറുപടി ഇങ്ങനെയാണ്. ജിന്നുകളെ പടച്ചോൻ തീയ്യിൽ നിന്നുമാണ് സൃഷ്ടിച്ചത്. മനുഷ്യർക്ക് ജിന്നുകളെ കാണാൻ കഴിയില്ല. പക്ഷേ ജിന്നുകൾക്ക് മനുഷ്യരെ കാണാൻ കഴിയും. ജിന്നുകളും മനുഷ്യരെ പോലെ ഭാര്യയും കുട്ടികളുമൊക്കെയായിട്ടാണ് ജീവിക്കുന്നത്. ജിന്നുകൾ പൊതുവെ മനുഷ്യരെ ഉപദ്രവിക്കില്ല, പക്ഷേ മനുഷ്യരിൽ ചിലരെ പോലെ ജിന്നുകളിലും ചില കുരുത്തംകെട്ടവർ ഉണ്ട് പോലും. അവർ മനുഷ്യരെ ഉപദ്രവിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യും. ഇതൊക്കെ കേട്ട എനിക്ക് മുഹിയിദ്ദീൻ പള്ളി കാണുന്നത് പോലും ഭയമായിരുന്നു. സത്യം പറഞ്ഞാൽ ഇന്നും ഒറ്റക്ക് മുഹിയിദ്ദീൻ പള്ളിയുടെ അകത്തേക്ക് പോകാൻ എനിക്ക് ധൈര്യമില്ല.

പുറമെ നിന്ന് നോക്കിയാൽ മുഹിയിദ്ദീൻ പള്ളി ഒരു സാധാരണ പള്ളി പോലെ തോന്നാമെങ്കിലും അതിനകത്ത് വിശാലവും നിഗൂഡതകൾ നിറഞ്ഞതുമായ അറകൾ ഉണ്ട്. പള്ളിക്ക് പ്രധാനമായി മൂന്ന് ഭാഗങ്ങളുണ്ട്. ആദ്യം കയറി ചെല്ലുന്നതാണ് നിസ്കാര പള്ളി. അവിടെയാണ് നിസ്കാരവും മറ്റ് അനുബന്ധ പ്രാർത്ഥനകളും നടക്കുന്നത്. അത് കഴിഞ്ഞാലുള്ളത് വിശാലമായ ഒരു ഹാളാണ്. ഇതിനെ ദിക്ക്റ് പള്ളിയെന്നാണ് അറിയപ്പെടുന്നത്. ഇവിടെയാണ് പെരുന്നാൾ ദിവസങ്ങളിൽ ദിക്ക്റ് (ദ്ഫ് മുട്ട്) കിലിശി കുത്ത് , കൗള്ഫായൽ എന്നിവ നടക്കുന്നത്. ഈ ഹാളിൻ്റെ രണ്ട് ഭാഗത്തായി ആൾക്കാർ ആദ്യം ഇരുന്നും പിന്നീട് നിന്നും താളാത്മകമായ അറബി ബൈത്തിന് അനുസരിച്ച് ദഫ് മുട്ടി കൊണ്ടിരിക്കും. ദഫ് മുട്ട്  കാർക്കിടയിലൂടെ നൃത്തച്ചുവടുകളുമായി കിലിശി കുത്തുകാർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും ഇടക്കിടക്ക് കിലിശി സ്വന്തം വയറ്റിലേക്ക് ആഞ്ഞ് കുത്തുകയും ചെയ്യും. എല്ലാ പരിപാടികളും പുരുഷന്മാരുടെത് മാത്രമാണ്. സ്ത്രീകൾ പരിസരത്ത് പോലും ഉണ്ടാകില്ല.ഇനി മൂന്നാമതൊരു കൂട്ടർ കൂടി ഉണ്ട്. ദഫ് മുട്ടും നൃത്തവുമെല്ലാം മൂർധന്യ അവസ്ഥയിലാകുമ്പോഴാണ് അവർ പ്രത്യക്ഷപ്പെടുക. കൗള്ഫായുന്നവർ എന്നാണ് അവരെ അറിയപ്പെടുന്നത്. ഇവർ വന്ന് അവിടെയുള്ള ഉസ്താദിൻ്റെ അനുഗ്രഹവും അനുവാദവും എടുത്തശേഷം അവിടെ നേരത്തെ തന്നെ തയ്യാറാക്കി വച്ച നീളമുള്ളതും നേർത്തതുമായ സ്റ്റീൽ കമ്പികൾ എടുത്ത് ഒരു കവിളിലൂടെ കുത്തി കയറ്റി മറ്റേ കവിളിലൂടെ പുറത്താക്കും. എന്നിട്ട് കുറച്ച് സമയം അത് എല്ലാവരെയും കാണിച്ച് കൊടുക്കും. പിന്നീട് അത് സ്വയം വലിച്ചൂരി രക്തമോ മുറിവുകളോ ഇല്ലന്ന് എല്ലാവരേയും ബോധ്യപ്പെടുത്തിയ ശേഷം അവർ പിൻവാങ്ങും. ഇതൊക്കെ മുഹിയിദ്ദീൻ ശൈഖിൻ്റെ ഖുദ്റത്ത് ആണെന്ന് സ്ഥാപിക്കുകയാണ് ലക്ഷ്യം. ഈ സമയത്തൊക്കെ ദഫ് മുട്ടും നൃത്ത പരിപാടികളും ഏറ്റവും ഉച്ചസ്ഥായിലായിരിക്കും. ഒരിക്കൽ ഒരു പയ്യൻ കൗള്ഫായാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. പലരും വേണ്ടന്ന് പറഞ്ഞെങ്കിലും പയ്യൻ പിൻമാറിയില്ല. അവസാനം കവിളിൽ സ്റ്റീൽ കമ്പി കുത്തി കേറ്റിയ സ്ഥലം മാറിപോയത് കാരണം പയ്യൻ്റെ കവിളിൽ നിന്നും നിലക്കാതെ രക്തം ചീറ്റാൻ തുടങ്ങി. എല്ലാവരും കൂടി അയ്യാളെ ആശുപത്രിയിൽ കൊണ്ട് പോയി കവിളിൽ സ്റ്റിച്ച് ഇടേണ്ടി വന്നു എന്നും കേട്ടു.

ദിക്ക്റ് പള്ളിക്ക് ശേഷമുള്ള ഭാഗമാണ് തായ് പള്ളി എന്നറിയപ്പെടുന്ന സ്ഥലം. ഈ സ്ഥലം നീഗൂഡവും ഇടുങ്ങിയതുമാണ്. തായ് പള്ളിയിൽ എല്ലാ ദിവസവും സന്ധ്യക്ക് വിളക്ക് കത്തിക്കുമെന്നതൊഴിച്ചാൽ പ്രത്യേകിച്ച് പ്രാർത്ഥനകളൊന്നും അവിടെ നടക്കാറില്ല. ചിലർ ഏകാന്തതയോടെ ദുആ ചെയ്യാനും ഖുർആൻ പാരായണം ചെയ്യാനും വേണ്ടി തായ്പള്ളിലേക്ക് പോകാറുണ്ട്. ഒരിക്കൽ ചെറിയ രീതിയിൽ മാനസീക അസ്വാസ്ത്യം നേരിടുന്ന ഒരാളെ നാട്ടിൽ നിന്നും കാണാതായി. ജനങ്ങൾ നാട് മുഴുവനും അയ്യാൾക്ക് വേണ്ടി തിരച്ചിൽ നടത്തിയിട്ടും അയാളെ കണ്ട് കിട്ടിയില്ലായിരുന്നു. അവസാനം തായ് പള്ളിയിൽ നിന്നുമാണ് അയാളെ കണ്ട് കിട്ടിയത് എന്നും കേട്ടിട്ടുണ്ട്.

നാട്ടിൽ എലക്ട്രിസിറ്റി വരുന്നതിന് മുമ്പ് പള്ളിയിൽ നെയ്യ് വിളക്കുകളായിരുന്നു കത്തിച്ചിരുന്നത്. നിലവിളക്ക് മാത്രകയിലുള്ള തൂക്കുവിളക്കുകൾക്കുള്ളിൽ വെളിച്ചണ്ണ ഒഴിച്ച് അതിൽ പഞ്ഞിനൂലിട്ട് കത്തിക്കുന്ന രീതിയായിരുന്നു അത്. വിളക്കുകളിലേക്ക് ഒഴിക്കാനുള്ള വെളിച്ചണ്ണ വീടുകളിൽ നിന്നും നേർച്ചയായി പള്ളിയിൽ ലഭിച്ചിരുന്നതാണ്. വിളക്കിലൊഴിക്കുന്ന എണ്ണ കുറെ നാൾ തുടർച്ചയായി കത്തി കഴിയുമ്പോൾ അതിൻ്റെ കളർ വെള്ള നിറമായി മാറും. ഇത് പിന്നീട് അള്ക്ക് എന്ന പേരിൽ രോഗശമനത്തിനായി നാട്ടുകാർ ഉപയോഗിക്കലുണ്ടായിരുന്നു. പലതരം വേദനകൾക്ക് ഈ അള്ക്ക് പുരട്ടുന്നത് നാട്ടുകാർക്കിടയിൽ പതിവായിരുന്നു. മറ്റു ചിലർ വയറിനകത്തെ അസുഖങ്ങൾക്ക് അള്ക്ക് കുടിക്കുകയും ചെയ്തിരുന്നു. ഇന്നും ചിലർ ഈ വിശ്വാസ അനുഷ്ടാനങ്ങൾ തുടരുന്നതായി കാണുന്നുണ്ട്.

ദ്വീപിലെ കൊപ്പരയും മറ്റ് ദ്വീപ് ഉൽപന്നങ്ങളുമായി വലിയഓടം (പായക്കപ്പൽ) മംഗലാപുരത്തേക്ക് പോകുമായിരുന്നു. ദ്വീപിൽ നിന്നും പുറപ്പെട്ട് കഴിഞ്ഞാൽ പിന്നെ അഞ്ചോ ആറോ ദിവസം കഴിഞ്ഞ് മംഗലാപരത്ത് എത്തി എന്നുള്ള കമ്പി (ടെലിഗ്രാം) സന്ദേശം വരുമ്പോഴാണ് അവരെപ്പറ്റി നാട്ടുകാർക്ക് വിവരം അറിയുന്നത്. ഇതിനിടയിൽ കടൽക്ഷോഭമോ മറ്റോ കൊണ്ട് പായക്കപ്പൽ മുങ്ങിപ്പോവുകയോ അപകടത്തിൽ പെടുകയോ ചെയ്താൽ അത് അറിയാനുള്ള സൗകര്യങ്ങളൊന്നും തന്നെയില്ലായിരുന്നു. അത്തരം സന്ദർഭങ്ങളിൽ മാസങ്ങളോളം പ്രതീക്ഷയോടെ കാത്തിരുന്നിട്ട് പിന്നീട് പ്രിയപ്പെട്ടവർ മരണപ്പെട്ടതായി കണക്കാക്കി മരണാനന്തര കർമ്മങ്ങൾ നിർവ്വഹിക്കുകയായിരുന്നു പതിവ്. ഇങ്ങനെ മംഗലാപുരത്തേക്ക് പായക്കപ്പലുമായി പുറപ്പെടുന്നവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവർ സുരക്ഷിതമായി മടങ്ങിയെത്താൻ വേണ്ടി മുഹിയിദ്ദീൻ പള്ളിയിൽ തർഗകഞ്ഞി ഉണ്ടാക്കാൻ വേണ്ടി നേർച്ചകൾ നേരുന്ന പതിവ് ഉണ്ടായിരുന്നു. ദ്വീപ് ശർക്കരയും ഗോതമ്പും കൊണ്ടുണ്ടാക്കുന്ന രുചികരമായ ഒരു തരം പായസമാണ് തർഗകഞ്ഞി. മിക്കവാറും എല്ലാ ദിവസവും ഇത്തരം തർഗകഞ്ഞിവെയ്പ് പള്ളിയുടെ മുറ്റത്ത് നടക്കുമായിരുന്നു.

മുഹിയിദ്ദീൻ പള്ളിയുടെ വിശേഷങ്ങൾ എഴുതുമ്പോൾ പള്ളിക്കഴിഞ്ഞവർ എന്നറിയപ്പെടുന്ന അഹ്മദ് സൂഫി റഹ്മത്തുള്ള അവർകളെ പറ്റി പരാമർശിച്ചില്ലങ്കിൽ എഴുത്ത് പൂർണ്ണമാകില്ല. കുന്നാകൂലം തറവാട്ടിൽ ജനിച്ച് വളർന്ന സൂഫി അവർകൾ പൊന്നാന്നിയിൽ നിന്നുമാണ് മതപഠനം പൂർത്തിയാക്കിയത്. കുണാടത്തുംകര തറവാട്ടിൽ നിന്നും വിവാഹം കഴിച്ച സൂഫി അവർകൾ തൻ്റെ അവസാനകാല ജീവിതം മുഹിയിദ്ദീൻ പള്ളിയിലേക്ക്  മാറ്റുകയാണുണ്ടായത്. പള്ളിക്ക് ചുറ്റിലും ഇന്നും കാണപ്പെടുന്ന ചില കെട്ടിടാവശിഷ്ടങ്ങൾ സൂഫി അവർകളുടെ ആവശ്യത്തിന് വേണ്ടി പണി കഴിപ്പിച്ചതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. കെട്ടിടത്തിലെ ഒരു മുറിക്കകത്ത് ഈ അടുത്ത കാലം വരെ ഒട്ടകപക്ഷിയുടെ മുട്ട ഉണ്ടായിരുന്നതായി ഓർക്കുന്നു. ഒട്ടകപക്ഷി മുട്ട എങ്ങനെ അവിടെയെത്തി എന്നതിന് ഒരു വ്യക്തതയുമില്ല. ധാരാളം ആളുകൾ ഒട്ടകപ്പക്ഷി മുട്ട കാണാൻ വേണ്ടി പള്ളിയിലേക്ക് വരുന്നതും കണ്ടിട്ടുണ്ട്.

അഹ്മദ് സൂഫി അവർകളുടെ ജീവിത കാലത്ത് ഒര് പാട് ക്റാമത്തുകൾ കാണിക്കപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. സൂഫി അവർകൾ ജിന്നുകളുമായി നിരന്തരം സംഭാഷണങ്ങൾ നടത്തിയിരുന്നതായി പറയപ്പെടുന്നു.സൂഫി അവർകളുടെ ഖബറിൽ നിന്നുമുള്ള മണ്ണ് രോഗശമനത്തിന് വേണ്ടി ഞാനടക്കമുള്ള പലരും തിന്നുകയും ദേഹത്ത് പുരട്ടുകയുമൊക്കെ ചെയ്യുമായിരുന്നു. ഖബർ ഇപ്പോൾ മഖ്ബറയായി മാറ്റിയിട്ടുണ്ട്. സിയാറത്തിനും പ്രാർത്ഥനകൾക്കുമായി ധാരാളം ആളുകൾ ഇപ്പോഴും സൂഫി അവർകളുടെ മഖബറയിലെത്താറുണ്ട്.

(ലേഖകന്റെ വ്യക്തിപരമായ അറിവും അഭിപ്രായവും മാത്രമാണ് ഈ ലേഖനം.)

✍️ Inne Kabeer

9447072187

belaram

Belaram is a news portal that reports on Lakshadweep from within the islands.

Leave a Reply

Your email address will not be published.