ലക്ഷദ്വീപു സമൂഹം ഇന്ന് കാണുന്ന ദ്വീപുകളായി മാറിയ കഥ

/

നമ്മുടെ ലക്ഷദ്വീപു സമൂഹം ഇന്ന് കാണുന്ന ദ്വീപുകളായി മാറിയ കഥ.
ശാസ്ത്രജ്ഞർ പറയുന്നതനുസരിച്ച് ഭൂമി ഉണ്ടായ സമയത്ത് കരകളെല്ലാം ഒരുമിച്ചു ചേർന്നിരിക്കുകയായിരുന്നു. പിന്നീട് പ്രകൃതിയിലുണ്ടായ പല മാറ്റങ്ങൾക്കനുസരിച്ച് അകന്നു മാറുകയായിരുന്നു ഇവ.
ഏകദേശം 66 ദശലക്ഷം വർഷം മുൻപാണ് അതെന്നാണ് അറിവ്. ആഫ്രിക്കയുടെ സമീപം സമുദ്രത്തിനടിയിൽ ഒരു അഗ്നിപർവ്വതം (Reunion Hotspot) ഉണ്ടായിരുന്നു. ഇതിനു മുകളിലൂടെയാണ് ഇന്ത്യയുടെ ഭാഗം ആഫ്രിക്കയിൽ നിന്നും വിട്ട് പതിയെ ഏഷ്യയുടെ അടുത്തേയ്ക്ക് നീങ്ങി മാറിയത്. ഇന്ത്യൻ പ്ലേറ്റ് നീങ്ങുകയും സ്വാഭാവികമായ കാരണങ്ങൾ കൊണ്ട് സമുദ്രത്തിന് അടിയിലുള്ള ഈ അഗ്നിപർവ്വതങ്ങൾ പൊട്ടിച്ചിതറുകയും ചെയ്തു. അതിനെത്തുടർന്നുണ്ടായ വലിയ ലാവാപ്രവാഹം കാരണം സമുദ്രത്തിൽ അനേകം പർവ്വതങ്ങൾ രൂപംകൊണ്ടു. നൂറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യൻ പ്ലേറ്റ് ഏഷ്യയോട് കൂട്ടിയിടിച്ചു ചേർന്നു. അതിനെത്തുടർന്ന് ഈ കുഞ്ഞു പർവതങ്ങൾ ആഫ്രിക്കയുടെയും ഇന്ത്യയുടെയുമിടയിൽ അങ്ങിങ്ങായി നിരന്നു. ഈ പർവ്വതങ്ങളാണ് പിന്നീട് റീയൂണിയൻ ഐലൻഡ്, ചേഗോസ്, മാലിദ്വീപ്, ലക്ഷദ്വീപ് തുടങ്ങിയ ഭൂപ്രദേശങ്ങളായി മാറിയത്.

അങ്ങിങ്ങായ് നിരന്നു കിടന്നിരുന്ന ഈ പർവ്വതങ്ങൾ ഒരുപ്പാട് കാലങ്ങൾ കഴിഞ്ഞപ്പോൾ, സമുദ്രത്തിൽ ഉണ്ടായ വിവിധങ്ങളായ മാറ്റങ്ങൾ കാരണം വെള്ളത്തിനടിയിലേയ്ക്ക് ആഴ്ന്നു തുടങ്ങി. ഇങ്ങനെ താഴ്ന്നു പോയിക്കൊണ്ടിരുന്ന പർവതങ്ങളുടെ വശങ്ങളിലൂടെയും മുകളിലൂടേയുമൊക്കെ ധാരാളം പവിഴപ്പുറ്റുകൾ സൂര്യ പ്രകാശത്തിനായി വളർന്നു മുകളിലേയ്ക്ക് വന്നു. അതായത്, പർവ്വതങ്ങൾ താഴേയ്ക്ക് പോകുന്നതിനോടൊപ്പമാണ് കാലക്രമേണ ഈ പവിഴപ്പുറ്റുകൾ മുകളിലേയ്ക്ക് ഉയർന്നു വന്നത്. നൂറ്റാണ്ടുകളോളം പർവ്വതങ്ങളിൽ പവിഴപ്പുറ്റുകൾ വളരുകയും അവിടെത്തന്നെ സ്വാഭാവികമായ പ്രക്രിയയിലൂടെ മരിച്ചു വീഴുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ, മരിച്ചു വീണ പവിഴപ്പുറ്റുകളുടെ അവശിഷ്ടങ്ങൾ അവിടെ അടിഞ്ഞു കൂടി. പവിഴപ്പുറ്റുകൾ എങ്ങനെയൊക്കെയാണ് മരിക്കുക എന്നത് മറ്റൊരു അവസരത്തിൽ പങ്കുവെയ്ക്കാം.

നമ്മുടെ ദ്വീപുകളിൽ ഇന്ന് കാണുന്ന മണ്ണിൻറെ ഭൂരിഭാഗവും അങ്ങനെ മരിച്ചു വീണ പവിഴപ്പുറ്റുതരികളാണ്. ഒപ്പം പുറംതോടുള്ള അനേകം കുഞ്ഞുജീവികളുടെ അവശിഷ്ടങ്ങളുമാണത്. വൈകുന്നേരങ്ങളിൽ കടപ്പുറത്ത് മണ്ണിൽ കളിക്കുമ്പോൾ ആ മണ്ണൊന്ന് സൂക്ഷിച്ചു നോക്കിയാൽ ഇപ്പോഴും അവയെ കാണാൻ കഴിയും.

പവിഴപ്പുറ്റിന്റെ തരികൾ എങ്ങനെ ദ്വീപിന്റെ ഇന്നു കാണുന്ന വിധത്തിലുള്ള മണ്ണായി മാറി എന്നു പറയുന്നതിനു മുൻപ് പവിഴപ്പുറ്റുകൾ എന്താണ് എന്നത് വ്യക്തമാക്കാം. പവിഴപ്പുറ്റുകൾ ഒരു സസ്യ ജന്തുവാണ്. അതായത്, പവിഴപ്പുറ്റുകളുടെ ഘടനയെ എളുപ്പത്തിൽ പറയുവാനായി നമുക്ക് അവയെ മൂന്നായി തിരിക്കാം. ഒന്ന് കട്ടിയുള്ള അസ്ഥികൂടം. രണ്ട് പോളിപ്സ് അഥവാ ഒരിനം കടൽ ജീവി, ഈ ജീവികൾ കട്ടിയുള്ള അസ്ഥികൂടത്തിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കി അതിൽ ജീവിക്കുന്നു. മൂന്നാമത് ഈ പോളിപ്സിനുള്ളിൽ പറ്റിപ്പിടിച്ചിരിക്കുന്ന സൂഷ്മആൽഗകൾ. ഈ ആൽഗകളാണ് പവിഴപ്പുറ്റുകൾക്ക് നമ്മൾ കാണുന്ന ഭംഗിയുള്ള പലനിറങ്ങൾ നൽകുന്നത്.

പവിഴപ്പുറ്റുകൾ വളർന്നു ലക്ഷകണക്കിന് വർഷങ്ങൾ കൊണ്ട് പവിഴപ്പുറ്റിന്റെ ഒരു മതിലായി തന്നെ മാറുന്നു. ദ്വീപിലേയ്ക്ക് അടിച്ചുകയറിവരുന്ന വലിയ തിരമാലകളെ തടഞ്ഞു നിർത്തുന്നത്, ബില്ലത്തിന്റെയും പുറം കടലിന്റെയും ഇടയിലുള്ള പവിഴപ്പുറ്റുകളുടെ വലിയ മതിലുകളാണ്. കടലിറക്ക സമയത്ത് ബില്ലത്തിന്റെ അങ്ങേയറ്റം ആളുകൾ നടക്കാൻ പോകുന്നതും അപ്പൽ പിടിക്കാൻ പോകുന്നതുമായ ആ കൽഭാഗം തന്നെയാണത്. ഈ പവിഴപ്പുറ്റ് ഭിത്തിയുള്ളതുകൊണ്ടാണ് ബില്ലത്തിനുള്ളിലെ കടൽ ഭാഗം വളരെ ശാന്തമായി കിടക്കുന്നത്.

ഇത്തരം പവിഴപ്പുറ്റ് മതിൽ ലക്ഷദ്വീപിൽ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. അവിടെ സമുദ്രത്തിലെ പലയിനം മീനുകളെയും മറ്റു ജീവജാലങ്ങളെയും കാണാൻ കഴിയും. ഈ ജീവിവർഗങ്ങൾ ചേർന്നാണ് പവിഴപ്പുറ്റുകൾ ആരോഗ്യത്തോടെ നിലനിന്നു പോകാൻ സഹായിക്കുന്നത്.

പവിഴപ്പുറ്റുകൾ വളരെ വളരെ വലിയ ആയുസ്സുള്ള സസ്യ ജീവിയാണ് എന്നത് ആദ്യമേ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ പവിഴപ്പുറ്റുകളുടെ ജനനവും മരണവും വലിയ മതിലുകളായി മാറുന്നതുമൊക്കെ നൂറുകണക്കിന് വർഷങ്ങൾകൊണ്ടു നടക്കുന്ന കാര്യങ്ങളാണ്. മരിച്ചു വീഴുന്ന പവിഴപ്പുറ്റുകൾ കാറ്റിന്റെയും തിരമാലകളുടെ ഗതിയ്ക്കും അനുസരിച്ച് പല വശങ്ങളിലേയ്ക്കായി അടിഞ്ഞു കയറുന്നു. അതായത് മൺസൂൺ കാറ്റുകൾക്ക് ദ്വീപുകളിൽ ഇന്നു കാണുന്ന കരഭാഗങ്ങൾ ഉണ്ടായതിൽ വലിയ പങ്കുണ്ട്. ഒരുകാലത്ത് എല്ലാ ദ്വീപുകളിലും നമ്മുടെ പിട്ടി ദ്വീപിലെ പോലെ വെള്ള മണൽ മാത്രം ആയിരുന്നു.
പിന്നീട് ആ മണ്ണിലേയ്ക്ക് പല ജൈവ അവശിഷ്ടങ്ങളും അടിഞ്ഞു കയറുകയും, കൂടാതെ മറ്റു പല കാരണങ്ങൾ കൊണ്ടും ചെടികളും മറ്റും വളരാനുള്ള പാകത്തിൽ മണ്ണിൽ രാസമാറ്റങ്ങൾ സംഭവിക്കുകയും ചെയ്തു. അതോടൊപ്പം, മഴവെള്ളം മണ്ണിൽ വളരെ കുറച്ചായി ശേഖരിക്കപ്പെട്ടു തുങ്ങുകയും ചെയ്തു. ആദ്യമൊക്കെ മണ്ണിൽ ശേഖരിക്കപ്പെട്ട അല്പം ഉപ്പു കലർന്ന മഴവെള്ളത്തിൽ ചെടികൾ വളർന്നു തുടങ്ങി. പെരുമൾപ്പാറിലൊക്കെ കാണുന്ന പോലെ. തുടർന്ന്, വർഷങ്ങൾ കഴിയുമ്പോൾ പവിഴപ്പുറ്റിന്റെ മതിലിനു ശക്തി കൂടുന്നതിന് അനുസരിച്ച് മണ്ണ് കരയിൽ ഉറച്ചു തുടങ്ങുന്നു. ആ മണ്ണിൽ മഴവെള്ളം പതിയെ പതിയെ കൂടുതൽ ശേഖരിച്ചുവെക്കപ്പെടുകയും, ഈ പ്രവർത്തനം മൂലം ദ്വീപിലെ മണ്ണിനുള്ളിൽ ഒരു ശുദ്ധജല പാത ഉണ്ടാവുകയും ചെയ്യുന്നു. ആ ശുദ്ധജല പാതയിൽ നിന്നാണ് ദ്വീപിലെ ആളുകൾക്ക് ഇന്നും കിണർ കുത്തി വെള്ളം എടുക്കാൻ കഴിയുന്നത്. ഇത് നമ്മുടെയൊക്കെ ദ്വീപുകളിൽ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന പ്രവർത്തനമാണ്.

ഇത്തരത്തിൽ നോക്കിയാൽ ദ്വീപുകൾ എല്ലാം തന്നെ പ്രകൃതിയുടെ സ്വാഭാവികമായ പ്രക്രിയയ്ക്ക് അനുസരിച്ച് ഇപ്പോഴും വളർന്നു കൊണ്ടിരിക്കുകയാണ്. അതായത് മരിച്ചു വീഴുന്ന പവിഴപ്പുറ്റുകളിലൂടെയും മറ്റു ജീവികളുടെ അവശിഷ്ടങ്ങളിലൂടെയും ദ്വീപുകളുടെ കരകൾ വലുതായി കൊണ്ടിരിക്കുകയാണെന്ന്. ഇക്കൂട്ടത്തിൽ പൂർണമായും വളർന്നു കഴിഞ്ഞ ഒരു ദ്വീപാണ് ആന്ത്രോത്ത്. അമിനിയും ഒരുവിധം പൂർണമായി വളർന്നു കഴിഞ്ഞു. അതുകൊണ്ടാണ് ഈ ദ്വീപുകൾക്ക് ലഗൂണുകൾ ഇല്ലാത്തത്. പൂർണമായി വളർച്ച എത്തിയ ദ്വീപുകളെന്നു പറഞ്ഞാൽ പവിഴപ്പുറ്റിൻ്റെ മതിലുവരെ കര വലുതായി മാറുന്ന അവസ്ഥയെന്നാണ്.

ഇന്ന് കാണുന്ന ദ്വീപുകൾ, ദ്വീപായി രൂപംകൊണ്ടതിനു പിന്നിലും അത് അതേപടി നിലനിന്നു പോകുന്നതിനും ഇതുപോലെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന അനേകം ജീവജാലങ്ങളുണ്ട്. ‘ബാരണയ്ക്കും ബില്ലത്തിനും അതിലെ മീനുകളും ‘കോക്ക’ അല്ലെങ്കിൽ കടൽ വെള്ളരിയും ഉൾപ്പെടുന്ന പലയിനം ജീവജാലങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ഓരോജീവികളെപ്പറ്റിയും അവയുടെ ജീവിതത്തെപ്പറ്റിയുമൊക്കെയുള്ള അറിവുകൾ നമുക്ക് വരുന്ന അവസരങ്ങളിൽ പങ്കുവെയ്ക്കാം.

തുടരും…

belaram

Belaram is a news portal that reports on Lakshadweep from within the islands.

Leave a Reply

Your email address will not be published.