ലക്ഷദ്വീപിൽ നടക്കുന്ന വികസനത്തിൽ ജനങ്ങൾ എവിടെ നിൽക്കുന്നു ?

//

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ലക്ഷദ്വീപിനെ വീണ്ടും വാർത്തകളിൽ പ്രതിഷ്ഠിച്ചിരുന്നു. ഗൂഗിൾ സെർച്ചിൽ വളരെ മുകളിലായിരുന്നു ആ ദിവസങ്ങളിൽ  ലക്ഷദ്വീപ്‌. സേവ് ലക്ഷദ്വീപ് ക്യാമ്പയിന്  ശേഷം ലക്ഷദ്വീപ് ഏറ്റവും കൂടുതൽ മാധ്യമ ശ്രദ്ധ നേടിയത് ആ സന്ദർഭത്തിലാണ്. അത്രയും നാൾ വിവാദ അഡ്മിനിസ്ട്രേറ്ററായിരുന്ന പ്രഫുൽ പട്ടേൽ വികസന നായകനായി പ്രതിഷ്ഠിക്കപ്പെട്ടു. 2014-ന് ശേഷമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന തരത്തിലുള്ള വികൃതമായ വാദങ്ങളുടെ ചുവട് പിടിച്ച് ലക്ഷദ്വീപിനെ മാലിദ്വീപാക്കാൻ പോകുകയാണ് പ്രഫുൽ പട്ടേൽ എന്ന തരത്തിലുള്ള പ്രചാരണങ്ങൾ വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ പ്രോപഗണ്ട ഒളിച്ചു കടത്തുന്ന മാധ്യമങ്ങളും  തുടർച്ചയായി  നടത്തിക്കൊണ്ടിരിക്കുന്നു. ഹിന്ദുസ്ഥാൻ ടൈംസ് , ഹിന്ദു അടക്കമുള്ള മാധ്യമങ്ങൾ വികസനങ്ങൾ ലക്ഷദ്വീപിന്റെ അതിലോല പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കും എന്ന ആശങ്ക പ്രകടിപ്പിച്ചു കൊണ്ടുള്ള ലേഖനങ്ങളും  പ്രസിദ്ധീകരിച്ചിരുന്നു. പതിവ് പോലെ ആ മാധ്യമ ശ്രദ്ധയും ചുരുങ്ങിയ കാലയളവിനുള്ളിൽ അവസാനിച്ചു. ശേഷം ലക്ഷദ്വീപിൽ എന്താണ് സംഭവിക്കുന്നത് എന്ന കാര്ര്യം വേണ്ട രീതിയിൽ ചർച്ച ചെയ്യപ്പെട്ടില്ല. ലക്ഷദ്വീപിലെ വികസനങ്ങളും വികസനപദ്ധതികളും ലക്ഷദ്വീപ് ജനതയെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന അന്വേഷണമാണ് ഈ ലേഖനം. 

ലക്ഷദ്വീപ് : ജനാധിപത്യ രാജ്യത്തെ ഏകാധിപത്യ പ്രദേശം

ലക്ഷദ്വീപിനെക്കുറിച്ചെഴുതുമ്പോൾ ഇവിടുത്തെ ഭരണവ്യവസ്ഥയെക്കുറിച്ച്  പ്രതിപാദിക്കാതെ മുന്നോട്ട് പോകാനാവില്ല. ഇന്ത്യൻ വൻകരയിലെ ലിബറലുകൾ ജനാധിപത്യത്തിന്റെയും ജനാധിപത്യ സംവിധാനങ്ങളുടെയും മൂല്യച്യുതികളെകുറിച്  ചർച്ച ചെയ്യുമ്പോൾ സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഒരിക്കൽപോലും ജനാതിപത്യ ഭരണ സംവിധാനം നിലവിൽ വരാത്ത ഒരു പ്രദേശമാണ് ലക്ഷദ്വീപ് എന്ന കാര്യം പ്രത്യേകം ഓർക്കേണ്ടതുണ്ട്. 

 

ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണ്ണർ ജനറൽ അല്ലെങ്കിൽ വൈസ്രോയി മോഡലിൽ ഇന്ത്യൻ പ്രസിഡന്റ് എല്ലാ വിധ അധികാരങ്ങളും നൽകി  കേവലം ഒരു വ്യക്തിയെ അനിശ്ചിത കാലത്തേക്ക് ഭരണത്തിനയാക്കുന്ന ഒരു പ്രദേശമാണ് ലക്ഷദ്വീപ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഭരണ ഘടനയുടെ പിൻബലത്തോടെ ഒരു വർഷത്തിൽ 365 ദിവസവും അടിയന്തിരാവസ്ഥ നിലനിൽക്കുന്ന പ്രദേശം!. . ഏകാധിപത്യ പ്രവണതകൾക്ക് നേരിയ ആശ്വാസമായിരുന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പ് മൂന്നു വർഷമായി നടന്നിട്ടില്ല. ചുരുക്കത്തിൽ ഒരു വ്യക്തിയുടെ നിയന്ത്രണത്തിൽ പോലീസും റവന്യുവും ഗതാഗതവും തുടങ്ങി  മുഴുവൻ ഭരണ സംവിധാനങ്ങളും പ്രവർത്തിക്കുന്ന പ്രദേശം. ഇതിനു പുറമെ കലാപം പോലുള്ള സംഭവങ്ങൾ  നടക്കുന്ന സ്ഥലങ്ങളിൽ അടിയന്തിര ഘട്ടത്തിൽ മാത്രം നടപ്പിലാക്കുന്ന ഇന്ത്യൻ പോലീസ് ആക്ട് സെക്ഷൻ 30 എല്ലാ 90 ദിവസവും പുതുക്കി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു പ്രദേശം കൂടിയാണ് ലക്ഷദ്വീപ്. ഒരു പ്രതിഷേധമോ ഒരു പരിപാടിയോ നടത്തണമെങ്കിന് 48 മണിക്കൂർ മുൻപ് അനുമതി വാങ്ങണം. മിക്കവാറും എട്ട് കർശന നിബന്ധനകളോടെയായിരിക്കും  പോലീസ് സൂപ്രണ്ടന്റ് അനുമതി നൽകുക,  അതിൽ എട്ടാമത്തേത് അഡ്മിനിസ്ട്രേറ്ററെ വ്യക്തിപരമായി വിമർശിക്കാൻ പാടില്ല എന്നതായിരിക്കും. 

പ്രഫുൽ പട്ടേലിന്റെ വികസന സ്വപ്‌നങ്ങൾ 

പ്രഫുൽ പട്ടേലിന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദം നിർമാണം ആണെന്ന് വേണം കരുതാൻ. അദ്ദേഹം പ്രഖ്യാപിക്കുന്ന ഏതു പദ്ധതിക്ക് പിന്നിലും കോടികളുടെ നിർമാണ പദ്ധതിയുണ്ടാവും. എന്നാൽ സാധാരണ പോലെ ജനങ്ങൾക്ക്  പൈസ കൊടുത്തു  ഭൂമി വാങ്ങി നിർമാണ പ്രവർത്തനം നടത്താൻ അദ്ദേഹത്തിന് ഒരു താല്പര്യവുമില്ല. സർക്കാർ ഭൂമിയിലെ കെട്ടിടങ്ങൾ  പൊളിച്ചു പുതുക്കിപ്പണിയുക, സർക്കാർ വേറെ ഏതെങ്കിലും ആവശ്യത്തിന് നീക്കിവെച്ച ഭൂമി കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുക എന്നതൊക്കെയാണ് പൊതുവെയുള്ള രീതി. ഈ ഒരു കാരണം കൊണ്ടുതന്നെ സർക്കാർ ജനങ്ങളുടെ ഭൂമി കയ്യേറുന്നതിനുള്ള ശകത്മായ ശ്രമങ്ങൾ ലക്ഷദ്വീപിൽ നടന്നു കൊണ്ടിരിക്കുകയാണ് . പണ്ടാരം ലാൻഡ് എന്ന് വിളിക്കുന്ന ലക്ഷദ്വീപുകാർ നൂറ്റാണ്ടുകളായി കൈവശം വെച്ച് ക്രയവിക്രയങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന 2021-ൽ NDA സർക്കാർ ജനങ്ങളുടേതാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ഭൂമി പിടിച്ചെടുക്കാൻ ഉത്തരവിറക്കിയിരിക്കുകയാണ് ഭരണകൂടം. പ്രസ്തുത ഉത്തരവ് പ്രകാരം അഞ്ച് ദ്വീപുകളിലായി ഏകദേശം അറുപത് ശതമാനത്തോളം ആളുകൾക്ക് കിടപ്പാടം നഷ്ട്ടമാവും. നൂറോളം കേസുകളിലായി നാലായിരത്തോളം പേർ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ താത്കാലികമായി ഈ ഉത്തരവ്  സ്റ്റേ ചെയ്തിരിക്കുകയാണ് ഹൈക്കോടതി. ഒരു തടസ്സവുമില്ലാതെ വലിയ നിർമാണ പദ്ധതികൾ നടപ്പിലാക്കുക എന്നതാണ് പ്രഫുൽ പട്ടേൽ വിഭാവനം ചെയ്യുന്ന ലക്ഷദ്വീപ് വികസനത്തിന്റെ കാതൽ. പട്ടേലിന്റെ വികസന സ്വപ്നങ്ങളിൽ ലക്ഷദ്വീപ് മാത്രമേ ഉള്ളൂ അവിടെ വസിക്കുന്ന ജനങ്ങളില്ല. 

പട്ടേലിന്റെ ടൂറിസം വികസനം 

പട്ടേലിന്റെ വികസന മാതൃകകൾ ചങ്ങാത്ത മുതലാളിത്തത്തിന്റെ തത്വങ്ങളെ  അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പ്രഫുൽ പട്ടേൽ ചുമതലയേറ്റെടുത്തതിന് ശേഷം നടപ്പിലാക്കാൻ പോകുന്ന വലിയ പദ്ധതി പ്രവേഗ് ഇന്ത്യ ലിമിറ്റഡിന്റെ ബംഗാരത്തിലും തിണ്ണകരയിലും നിർമിക്കുന്ന ടെന്റ് സിറ്റികളാണ്. പട്ടേൽ അഡ്മിനിസ്ട്രേറ്റർ ആയിട്ടുള്ള ദമൻ ആൻഡ് ഡിയു വിൽ പ്രവേഗ്  ലിമിറ്റഡ് ടെന്റ് സിറ്റി നിർമിച്ചിട്ടുണ്ട്. നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള നിർമാണ സാമഗ്രികൾ ഉപയോഗിച്ചു ശീതീകരിച്ച ആഢംബര ടെന്റുകളാണ് നിർമിക്കുന്നത്. നിർമാണം അവസാനഘട്ടത്തിൽ എത്തി നില്കുന്നു ഡിസംബർ അവസാനം അല്ലെങ്കിൽ ജനുവരി ആദ്യ വാരം ഉത്‌ഘാടനം നടക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 

 

ഈ നിർമാണ പ്രവർത്തനങ്ങൾക്കെതിരെ  ഹൈ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. സർക്കാർ ഈ നിർമ്മിതിക്ക് അനുമതി കൊടുത്തിരിക്കുന്നത് അക്രീറ്റഡ് ലാൻഡിലാണ് . മണലുകളും കല്ലുകളും അടിഞ്ഞു കൂടി ദ്വീപിന്റെ ഒരു ഭാഗത്ത് രൂപപ്പെട്ടിരിക്കുന്ന പുതിയ ഭൂപ്രദേശമാണ് അക്രീറ്റഡ് ലാൻഡ് . പുതുതായുണ്ടാകുന്ന ഭൂപ്രദേശം സർക്കാരിന്റേതാണെന്നാണ് ഭരണകൂടത്തിന്റെ വാദം. രണ്ടു കാര്യങ്ങളാണ് മുഖ്യമായും ഇവിടെ പ്രശ്നമായി വരുന്നത് ഒന്നാമത്തേത് ഇങ്ങനെയുള്ള ഭൂപ്രദേശം സർക്കാർ ഏറ്റെടുത്ത് ഇത്തരം പദ്ധതികൾക്ക് വേണ്ടി നൽമ്പോൾ ഉൾപ്രദേശങ്ങളിൽ ഭൂമിയുള്ള ആളുകൾക്ക് വഴിയില്ലാതെ ആ ഭൂമി ഉപയോഗശൂന്യമായി മാറും.. രണ്ടാമത്തെ കാര്യം പുതുതായി രൂപപ്പെടുന്ന ഈ ഭൂപ്രദേശം അതെ ദ്വീപിന്റെ തന്നെ മറ്റൊരു ഭാഗത്തു മണ്ണൊലിപ്പ് മൂലമോ മറ്റു കാരണങ്ങൾ മൂലമോ ഒലിച്ചു പോകുന്ന ഭൂപ്രദേശമാണ് എന്നുള്ളതാണ് യാഥാർഥ്യം. ‘ ഐ ഐ ടി ഗാന്ധി നഗറിലെ വിദ്യാർത്ഥികൾ സാറ്റെലൈറ്റ് ഡാറ്റ  ഉപയോഗിച്ച നടത്തിയ  പഠനത്തിൽ തിണ്ണകര ബംഗാരം പോലുള്ള ദ്വീപുകളുടെ തെക്കു  ഭാഗത്തു നിന്നും നഷ്ട്ടപ്പെടുന്ന ഭൂപ്രദേശമാണ് വടക്കു ഭാഗത്തു അടിഞ്ഞു കൂടി പുതിയ ഭൂപ്രദേശമായി മാറുന്നത് എന്ന്  കണ്ടെത്തിയിട്ടുണ്ട് . ഡെക്കഡെൽ ടൈം സ്കെയിൽ എവൊല്യൂഷൻ ഓഫ് കോറൽ ഐലന്റ്സ് : ഇൻസൈറ്റ്‌സ് ഫ്രം ലക്ഷദ്വീപ് ആർച്ചിപ്പെലാഗോ എന്ന frontire മാഗസിനിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ അവർ ഈ കാര്യം എടുത്ത് പറയുന്നുണ്ട്. അതായത് തെക്കു ഭാഗത്തു നിന്ന് നഷ്ട്ടപ്പെടുന്ന ജനങ്ങളുടെ ഭൂമിക്ക് നഷ്ട്ട പരിഹാരം നൽകാൻ തയ്യാറാകാത്ത സർക്കാർ അതെ ഭൂപ്രദേശം വടക്കു ഭാഗത്തു അടിഞ്ഞു കൂടുമ്പോൾ അതേറ്റെടുത്ത കോർപറേറ്റുകൾക്ക് നിർമാണ പ്രവർത്തനങ്ങൾക്ക് നൽകുന്നു.

 

പ്രവേഗ് ലിമിറ്റഡിന്റെ പദ്ധതി എല്ല്ലാ രീതിയിലും നിയമപരമാണെന്ന് വാദിച്ചാൽ പോലും ചങ്ങാത്ത മുതലാളിത്തത്തിന്റെ എല്ലാ സീമകളും ലംഗിക്കുകയാണ് പട്ടേലിന്റെ പ്രവർത്തനങ്ങൾ. ടെന്റ് സിറ്റിയുടെ നിർമാണം പൂർത്തിയാവുമ്പോഴത്തേക്കും ലക്ഷദ്വീപ് സ്വദേശികൾ നടത്തിക്കൊണ്ടിരുന്ന എല്ലാ ടൂറിസം സാധ്യതകളും അടച്ചു പൂട്ടി ലക്ഷദ്വീപ് ടെന്റ് സിറ്റിയിലേക്ക് വരുന്ന ടൂറിസ്റ്റുകൾക്ക് മാത്രമായി തുറന്നു കൊടുക്കുകയാണ്. 

 

അതായത് സർക്കാർ അനുമതി നൽകിയ നാല്‌ വിമാനങ്ങളിലായി ഒരു ദിവസം  200 പേർക്കാണ് വ്യോമ മാർഗം ലക്ഷദ്വീപിൽ എത്തിച്ചേരാൻ സാധിക്കുക. ഇനി വ്യോമാമാർഗം ഒരു വിനോദ സഞ്ചാരി ലക്ഷദ്വീപിൽ വന്നിറങ്ങണമെങ്കിൽ അയാൾ സർക്കാർ നേരിട്ട് നടത്തുന്ന റിസോർട്ടിൽ റൂം ബുക്ക് ചെയ്ത സർക്കാരിന്റെ അതിഥിയായിരിക്കണം അല്ലെങ്കിൽ പ്രവേഗ് ലിമിറ്റഡിന്റെ ടെന്റ് സിറ്റിയിൽ റൂം ബുക്ക് ചെയ്ത ഒരാളായിരിക്കണം. നരേന്ദ്ര മോഡി ലക്ഷദ്വീപ് സന്ദർശിക്കണമെന്നഭ്യർത്ഥിച്ചതും അതിനോടനുബന്ധിച് മെച്ചപ്പെട്ട വ്യോമ ഗതാഗത സൗകര്യങ്ങൾ തിരക്കിട്ട്  നടപ്പിലാക്കിയതും  എന്തിനാണെന്നും ഇതിൽ നിന്നും മനസ്സിലാക്കാവുന്നതേ ഉള്ളൂ. 

ലക്ഷദ്വീപുകാർക്ക് അയിത്തം കല്പിക്കുന്ന ടൂറിസം 

THE LACCADIVE MINICOY & AMINDIVI ISLANDS (RESTRICTIONS ON ENTRY AND RESIDENCE), RULES 1967  പ്രകാരം ലക്ഷദ്വീപിലേക്ക് ഒരു ഇന്ത്യൻ പൗരന് സന്ദർശനം നടത്തണമെങ്കിൽ എൻട്രി പെർമിറ്റ് ആവശ്യമാണ്. ഒരു ലക്ഷദ്വീപ് സ്വദേശിക്ക് അയാളുടെ പേരിൽ ലക്ഷദ്വീപിലേക്ക് പരമാവധി ഒരു മാസം നീണ്ടു നിൽക്കുന്ന പെർമിറ്റിൽ പുറത്തു നിന്നും ആളുകളെ കൊണ്ട് വരാനാകും. പെർമിറ്റ് അപ്ലൈ ചെയ്യാനുള്ള ലക്ഷദ്വീപ് സർക്കാരിന്റെ വെബ്സൈറ്റിൽ ഫ്രണ്ട്‌സ് ആൻഡ് ഫാമിലി എന്ന സെക്ഷനിലാണ് ഈ പെർമിറ്റിന് വേണ്ടി അപ്ലൈ ചെയ്യുന്നത്‌. നരേന്ദ്ര മോഡി സന്ദർശിചതിന് ശേഷവും അതിനു മുൻപും ലക്ഷദ്വീപിലേക്ക് വന്നിരുന്ന 99 ശതമാനം ടൂറിസ്റ്റുകളും ഈ പെർമിറ്റിലാണ്  വന്നു കൊണ്ടിരുന്നത്. കേരളത്തിൽ നിന്നുള്ളതടക്കമുള്ള ഇന്ത്യയിലെ മുഴുവൻ ട്രാവൽ ഏജന്റുകളും  സർക്കാർ നടത്തുന്ന ബംഗാരം റിസോർട്ടിലെ ചുരുക്കം ബുക്കിങ്ങുകൾ ഒഴിച്ചാൽ ലക്ഷദ്വീപിലേക്ക് വിനോദ് സഞ്ചാരികളെ അയച്ചിരുന്നത് ഈ പെർമിറ്റിലാണ്.

ഈയൊരു രീതിയിലുള്ള ടൂറിസം ലക്ഷദ്വീപുകാരിൽ വലിയ പ്രതീക്ഷ ജനിപ്പിച്ചിരുന്നു. അത് കൊണ്ട് തന്നെ ഒരു പാട് ആളുകൾ ചെറുകിട ഇൻവെസ്റ്റ്മെന്റുകൾ നടത്തുകയും ടൂറിസം മേഖലയിൽ ജോലി ചെയ്യാൻ തുടങ്ങുകയും സ്വയം തൊഴിൽ കണ്ടെത്തുകയും ചെയ്തു. ഒരു മുന്നറിയിപ്പുമില്ലാതെ ഒരു ദിവസം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ വെബ്സൈറ്റിൽ അഗത്തിയിലേക്ക് ഇനി മുതൽ പെർമിറ്റ് അപേക്ഷിക്കാൻ സാധിക്കില്ല കാരണം ആ ദ്വീപിൽ ഉൾക്കൊള്ളിക്കാവുന്ന ആളുകളുടെ പരിധി കഴിഞ്ഞിരിക്കുന്നുഎന്ന് കാണിക്കുന്നു. ലക്ഷദ്വീപുകാരെ സംബന്ധിച്ചടത്തോളം അത് വലിയൊരു ഷോക്ക് ആയിരുന്നു ലക്ഷദ്വീപിലെ ആകെയുള്ള ഒരു വിമാനത്താവളം അഗത്തിയിലാണ് അത് കൊണ്ട് തന്നെ അഗത്തിയിലേക്കുള്ള പെർമിറ്റ് നിഷേധിച്ചതോടെ ടൂറിസത്തിന്റെ വലിയൊരു സാധ്യതയാണ് ഇല്ലാതായത്. 

ഈ പ്രതിസന്ധി ഘട്ടത്തിൽ ഫ്ലൈറ്റിൽ വന്ന് അതേ ദിവസം തന്നെ എത്തിച്ചേരാവുന്ന കവരത്തി ദ്വീപിലേക്ക് വിനോദ സഞ്ചാരികളെ കൊണ്ട് പോകാൻ സാധിച്ചിരുന്നത് കൊണ്ട്  ലക്ഷദ്വീപിലെ ട്രാവൽ ഏജന്റ്സിന്  ചെറിയ രീതിയിൽ പിടിച്ചു നില്ക്കാൻ സാധിച്ചിരുന്നു. എന്നാൽ അതും കൂടുതൽ കാലം നീണ്ടു നിന്നില്ല അഗത്തിയിലിറങ്ങി വേറെ ദ്വീപിലേക്ക് പോകാൻ വരുന്ന വിനോദ സഞ്ചാരികളെ ഫ്ലൈറ്റിൽ ചെക്ക് ഇൻ ചെയ്യാൻ അനുവദിക്കരുതെന്ന് അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് വിമാനക്കമ്പനികൾക്ക് കർശന നിർദേശം നൽകിയത് പ്രകാരം കവരത്തിയിലേക്കും വിനോദ സഞ്ചാരികളെ കൊണ്ട് വരാൻ പറ്റാതെയായി. ലക്ഷദ്വീപ് ലക്ഷ്യമാക്കി  മാത്രം ബിസിനസ് ചെയ്തിരുന്ന പ്രത്യേകിച്ചും ലക്ഷദ്വീപിലെ കമ്പനികൾ അടച്ചു പൂട്ടലിന്റെ വക്കിലാണ്. ഇപ്പോൾ ഒക്ടോബർ 31 -ന് മുൻപ് എടുത്ത ഫ്ലൈറ്റ് റ്റിക്കറ്റുണ്ടെങ്കിൽ മാത്രമേ പെർമിറ്റ് കൊടുക്കുന്നുള്ളു. അതായത് പുതിയൊരു കച്ചവടവും ഇനി നടത്താൻ പാടുള്ളതല്ല എന്ന അലിഖിത നിയമം നിലവിൽ വന്നു കഴിഞ്ഞു.  

പ്രഫുൽ പട്ടേൽ അധികാരമേറ്റ ശേഷം ഏകദേശം മൂവായിരത്തോളം ആളുകളെയാണ് സർക്കാർ ജോലിയിൽ നിന്നും പിരിച്ചു വിട്ടത് ഇവരിൽ മിക്ക ആളുകളും ഒന്നുകിൽ പുറത്തേക്ക് പോകുകയോ അല്ലെങ്കിൽ ടൂറിസം മേഖലയിൽ അഭയം പ്രാപിക്കുകയോ ആണുണ്ടായത്. ഈയൊരടച്ചുപൂട്ടൽ അവരെ  വീണ്ടും നിലയില്ലാക്കയത്തിലേക്ക് തള്ളി വിട്ടിട്ടുണ്ട്. 

ലക്ഷദ്വീപിലെ ഹൈ എൻഡ് മോഡൽ വികസനത്തിലെ അപകടങ്ങൾ 

പ്രഫുൽ പട്ടേൽ വരുന്നതിന് മുൻപ് ലക്ഷദ്വീപ് സർക്കാർ ഔദ്യോഗികമായി ചെയ്തു വരുന്നതും പട്ടേൽ തുടരുന്നതും ഹൈ എൻഡ് മോഡൽ ടൂറിസം വികസനമാണ്. അതായത് പത്തു പേർ  വന്ന്  ഒരു ലക്ഷം രൂപ കിട്ടുന്നതിന് പകരം ഒരു ലക്ഷം രൂപയ്ക്ക് വരാൻ പറ്റിയ സൗകര്യങ്ങൾ ഒരുക്കുക എന്നതാണ്. കുറച്ചാളുകളിൽ നിന്നും കൂടുതൽ വരുമാനം. 

ടൂറിസത്തിൽ പ്രധാനമായും  രണ്ടു തരത്തിൽ വരുമാനമുണ്ടാകും ഒന്ന് നേരിട്ടുള്ള വരുമാനം, അതായത് ടൂറിസ്റ്റുകൾ വരുമ്പോൾ ഹോട്ടൽ ബുക്കിംഗ് വണ്ടി ബുക്കിംഗ് മുതലായ വയിലൂടെ ഉണ്ടാകുന്ന വരുമാനം. രണ്ടാമതേത് നേരിട്ടല്ലാതെ വിനോദ സഞ്ചാരികൾ ഏതെങ്കിലും കടയിൽ കയറി ചായ കുടിച്ചാൽ പോലും അതൊരു വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട ഒരു വരുമാനമായി കാണക്കാക്കാം. ലക്ഷദ്വീപിലെ ആൾതാമസമില്ലാതെ ദ്വീപുകളിലും ലഗൂൺ വില്ലയിലും നടക്കുന്ന വിനോദ സഞ്ചാരത്തിന്റെ ഗുണ ഭോക്താക്കൾ പ്രൈവറ്റ് കമ്പനികളും പിന്നെ അതിൽ നിന്നും നാമമാത്രമായി കമ്മീഷൻ കിട്ടുന്ന സർക്കാരും മാത്രമാണ്. എന്നാൽ ഇവർ ഉപയോഗിക്കുന്നവയെല്ലാം  ലക്ഷദ്വീപുകാർക്കവകാശപ്പെട്ട, പരിമിതമായ പ്രകൃതി വിഭവങ്ങളാണ്. ഇത്തരം പദ്ധതികളിൽ നിന്നുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘതങ്ങൾ അനുഭവിക്കേണ്ടി വരിക ലക്ഷദ്വീപിലെ ജനങ്ങളാണ്. ഇന്ത്യൻ വന്കരയിൽ നടക്കുന്ന മൈനിങ് പോലെത്തന്നെ ലാഭം  കോര്പറേറ്റുകൾക്കും പ്രശ്നങ്ങൾ പ്രദേശത്തു താമസിക്കുന്നവർക്കും വീതിച്ചു കൊടുക്കുന്ന  കോർപ്പറേറ്റ് ഗൂഢാലോചനയുടെ മറ്റൊരു പതിപ്പാണ്  ലക്ഷദ്വീപിൽ നടന്നു കൊണ്ടിരിക്കുന്ന ഹൈ എൻഡ് ടൂറിസം  മോഡൽ. 

ടെന്റ് സിറ്റി പോലുള്ള ടൂറിസം കൊണ്ട് ദ്വീപുകാർക്ക്‌ നേരിട്ടല്ലെങ്കിലും ഗുണങ്ങൾ ഉണ്ടാകുമെന്ന് കരുതുന്നവരാണ് മിക്കവരും എന്നാൽ അതങ്ങെനെയല്ല സംഭവിക്കുക എന്നതിന്  ലക്ഷദ്വീപിൽ ഒരുദാഹരണമുണ്ട്. ഇതിനു മുൻപ് കാസിനോ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ഏകദേശം 20 വർഷത്തോളം ബംഗാരം  ദ്വീപിൽ  റിസോർട്ടുകൾ നടത്തി, കാസിനോ ഗ്രൂപ്പ് ഈ ഒരൊറ്റ പ്രൊജക്റ്റ് കൊണ്ട് രക്ഷപ്പെട്ടു വലിയൊരു ഹോട്ടൽ ശൃംഖലയായി മാറി എന്നാൽ ലക്ഷദ്വീപുകാരുടെ വരുമാന സ്രോതസ്സുകളിലൊന്നായി ടൂറിസം മാറിയില്ല. അതായത് കാസിനോ ഗ്രൂപ്പിന്റെ ഒരു വൻ പദ്ധതി ലക്ഷദ്വീപിൽ നടപ്പിലായത്  കൊണ്ട് ലക്ഷദ്വീപുകാർക്കുള്ള ടൂറിസം സാധ്യതകൾക്കോ ലക്ഷദ്വീപുകാർക്കോ പറയത്തക്ക ഗുണമൊന്നും ഉണ്ടായില്ല. അത് മാത്രമല്ല ലക്ഷ്യദ്വീപിലെ ടൂറിസം മേഖലയിൽ സമഗ്രമായ ഒരു മാറ്റത്തിന് തുടക്കം കുറിക്കാൻ പോലും ഈ പദ്ധതിക്ക് സാധിച്ചില്ല. ഇതിൽ നിന്നും ആർക്കാണ് ഇത്തരം വമ്പൻ പദ്ധതികൾ ഗുണം ചെയ്യുക എന്ന്  ഊഹിക്കാവുന്നതേയുള്ളൂ. 

മത്സ്യ ബന്ധന മേഖല നേരിടുന്ന വെല്ലുവിളികൾ 

ലക്ഷദ്വീപിലെ ഏകദേശം മുപ്പത് ശതമാനത്തോളം വരുന്ന ജനത മത്സ്യബന്ധന മേഖലയെ ആശ്രയിച്ചാണ്  ജീവിക്കുന്നത്. വീഡിയോകളിൽ കാണുന്ന വെളുത്ത ബീച്ചും നീലകടലുമൊക്കെ വിനോദ സഞ്ചാരികൾക്ക് വളരെ നല്ലൊരു അനുഭവമാണ് ഒരുക്കുന്നത് എന്നാൽ യഥാർത്ഥത്തിൽ നൂറ്റാണ്ടുകളായി ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികളുടെ തൊഴിലിടങ്ങളാണ്.

സ്‌പൈസ് ജെറ്റിന്റെ സീപ്ലെയിൻ അഗത്തിയിൽ വന്നിറങ്ങിയതിനോടനുബന്ധിച്ചു നടത്തിയ മീറ്റിങിൽ തങ്ങൾക്ക് ഒരു കിലോമീറ്ററും ഇരുപത് മീറ്റർ നീളത്തിലും  അറുപത് മീറ്റർ വീതിയിലും ലഗൂൺ ആവശ്യമുണ്ടെന്നാണ് അവർ പറഞ്ഞത്. ലോകത്തിലെ ഏറ്റവും പ്രകൃതി സൗഹൃദ മത്സ്യബന്ധന രീതിയായ പോൾ ആൻഡ് ലൈൻ ഫിഷിങ്ങിൽ  ലഗൂണിൽ നിന്നും അതിരാവിലെ ബെയ്റ്റ്ഫിഷുകൾ (പലതരത്തിലുള്ള ഇര മത്സ്യങ്ങൾ ) ശേഖരിക്കുകയും അതുപയോഗിച്ചു ആഴക്കടലിൽ മത്സ്യ ബന്ധനം നടത്തുകയുമാണ് ചെയ്യുന്നത്. സീ പ്ലൈനിൽ 30 പേരാണ് പരമാവധി വന്നു പോകുക, എന്നാൽ അതിനു വേണ്ടി മത്ത്യത്തൊഴിലാളികൾ ബലി  കൊടുക്കേണ്ടത് സ്വന്തം തൊഴിലിടങ്ങളും ഉപജീവനമാർഗങ്ങളുമാണ്. സീപ്ലെയിനിൽ വരുന്നത് ടെന്റ്  സിറ്റി പോലെയുള്ള ആൾതാമസമില്ലാത്ത ദ്വീപുകളിലെ ടൂറിസ്റ്റ് റിസോർട്ടികളിലേക്കാണെന്നുള്ളത് കൊണ്ട് തന്നെ ലക്ഷദ്വീപുകാർക്ക് സാമ്പത്തികമായി എന്തെങ്കിലും ഗുണം ഉണ്ടാകാനുള്ള സാധ്യതയും വളരെ കുറവാണ്. 

തങ്ങളുടെ തൊഴിലിടങ്ങളിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികൾ തൊഴിൽ തേടി മാലിദ്വീപിലേക്കും മറ്റും പോകേണ്ട  അവസ്ഥയാണ്,  അവർക്കറിയാവുന്ന പോൾ  ആൻഡ് ലൈൻ രീതിയിൽ മത്സ്യബന്ധനം നടക്കുന്ന ലോകത്തിലെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് മാലിദ്വീപ്. മോഡി ഇന്ത്യക്കാരോട് ലക്ഷദ്വീപ് സന്ദർശിക്കാൻ ആവശ്യപ്പെട്ടപ്പോൾ മാലിദ്വീപിലേക്ക്പോകാൻ ശ്രമിക്കേണ്ട ഗതികേടിലാണ് ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികൾ. ഇനി ഇവരുടെ വിദ്യാസമ്പന്നരായ മക്കൾ ടൂറിസത്തിൽ ഭാവി കണ്ടെത്താൻ ശ്രമിക്കാം എന്ന് വെച്ചാൽ ടൂറിസം ലക്ഷദ്വീപുകാർക്ക് നടത്താനുള്ള എല്ലാ സാധ്യതതയും അടച്ചിട്ടിരിക്കുകയാണ് ഭരണകൂടം 

വിഘടിച്ചു നിൽക്കുന്ന ജനങ്ങൾ 

ലക്ഷദ്വീപ് ജനതയുടെ  പ്രതികരണമില്ലായ്മ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും ഒരു ജനകീയ മുന്നേറ്റം പോലും നടന്നിട്ടില്ല എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ ആറ്  ദശാബ്ദങ്ങളായി ഏകാധിപത്യ ഭരണ സംവിധാനത്തിന്റെ കീഴിൽ ജീവിക്കുന്ന ഒരു ജന സമൂഹം  അത് മനസ്സിലാക്കി തിരിച്ച് ചിന്തിച്ചു  തുടങ്ങിയിട്ടില്ല. അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിൽ എല്ലാ ആഭ്യന്തര കാര്യങ്ങളും ഉദ്യോഗസ്ഥ മേധാവികളും അവരുടെ സ്തുതിപാടകരും കൈകാര്യം ചെയ്തപ്പോൾ ഒരു സീറ്റിലേക്കുള്ള പാർലിമെന്റ് തെരെഞ്ഞെടുപ്പ് ജനങ്ങളെ  കക്ഷി രാഷ്ട്രീയത്തിന്റെ പേരിൽ രണ്ടായി വിഭജിച്ചു. ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിൽ പോലും ഐക്യപ്പെടാൻ ദ്വീപിലെ ജനങ്ങൾക്ക് സാധിച്ചിട്ടില്ല. ഇന്നും ആ വിഭാഗീയത തുടർന്നു  കൊണ്ടേയിരിക്കുന്നു. 

ലക്ഷദ്വീപിൽ മാധ്യമം എന്ന് പറയത്തക്ക സ്ഥാപനങ്ങളൊന്നും പ്രവർത്തിക്കുന്നില്ല . ദ്വീപ് മലയാളി, ദ്വീപ് ഡയറി പോലുള്ള ഓൺലൈൻ പോർട്ടലുകൾ ലക്ഷദ്വീപിലെ വാർത്തകൾൽ മാത്രം പ്രസിദ്ധീകരിക്കുന്നവയാണെങ്കിലും ഒന്നോ രണ്ടോ ദിവസ്സം കൂടിയാലുണ്ടാകുന്ന നിരുപദ്രവകരമായ ഇവെന്റ്റ്  റിപ്പോർട്ടിങ്ങിനപ്പുറം കൃത്യമായി ജനങ്ങളെ ബോധവാന്മാരാക്കാൻ ഉതകുന്ന ഒരു പത്ര പ്രവർത്തനം ഇവിടെ നടക്കുന്നില്ല. ഇന്ത്യൻ വൻകരയിലെ മാധ്യമങ്ങൾ  ഒരു ഒളിന്പിക്‌സൊ ലോക കപ്പോ റിപ്പോർട്ട് ചെയ്യുന്ന പോലെ  എന്തെങ്കിലും ഒരു വിവാദം നടക്കുമ്പോൾ മാത്രം കാണിക്കുന്ന ശ്രദ്ധയിൽ ലക്ഷദ്വീപിന് പിടിച്ചു നിൽക്കൽ എളുപ്പമാവില്ല. കുറഞ്ഞത് മലയാളം മാധ്യമങ്ങളെങ്കിലും സ്ഥിരമായി ലക്ഷദ്വീപ്  വാർത്തകൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയാൽ മാത്രമേ  ഇന്ത്യൻ മുഖ്യധാരയിൽ ലക്ഷദ്വീപിന്റെ പ്രശ്നങ്ങൾ അടയാളിപ്പെടുത്താൻ സാധിക്കൂ. 

ഏകദേശം 160 വർഷങ്ങൾക്ക് ശേഷം ലക്ഷദ്വീപ് സമൂഹം ഒരൊറ്റ പൊളിറ്റിക്കൽ യൂണിറ്റ് ആയി ഭരിക്കപ്പെടുന്നത് 1947 ഇന് ശേഷമാണ്. ബ്രിട്ടീഷുകാരുടെ കാലത്തുപോലും പകുതി ദ്വീപുകൾ സൗത്ത് കാനറാ ഡിസ്ട്രിക്ടിന്റെ കീഴിലും ബാക്കി പകുതി മലബാർ ഡിസ്ട്രിക്ടിന്റെ കീഴിലുമായാണ് ഭരിക്കപ്പെട്ടത്. അറുപതോളം വർഷത്തിന്റെ ഭരണത്തിൽ ലക്ഷദ്വീപ് ഒന്നായെങ്കിലും ജനങ്ങൾ ഐക്യപ്പെട്ടില്ല. അവർ നാടിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ വിഘടിച്ചു തന്നെ നിൽക്കുന്നു.. സമയാസമയങ്ങളിൽ ഹൈക്കോടതി സ്റ്റേ ഓർഡറിലൂടെ നൽകുന്ന ആശ്വാസത്തിനപ്പുറം ഒരു പ്രതീക്ഷയും ദ്വീപ് ജനതയ്ക്കില്ല.ലക്ഷദ്വീപിൽ ജനാതിപത്യ ഭരണ സംവിധാനങ്ങൾ  നിലവിൽവരുക എന്നതാണ് ഏക പരിഹാര മാർഗം . 

ലക്ഷദ്വീപിൻറെ  നിലനില്പിനെത്തന്നെ ബാധിക്കുന്ന പ്രശ്നങ്ങളുടെ മുൻപിൽ നാസി ജർമനിയിലെ ജനങ്ങളെപ്പോലെ പരസ്പരം സംസാരിക്കാൻ മടിക്കുകയാണവർ. എന്തിനും ഏതിനും അവർ അവരിൽ നിന്ന് തന്നെ ശത്രുക്കളെ കണ്ടെത്തുന്നു, ആസന്നമായ വിനാശത്തിൽ അവരുടെ അയൽക്കാരോ എതിർപാർട്ടിക്കാരോ അല്ലാതെ അവരുണ്ടാകില്ല എന്നവർ ഉറച്ചു വിശ്വസിക്കുന്നു  എന്ന് വേണം കരുതാൻ. 

 

belaram

Belaram is a news portal that reports on Lakshadweep from within the islands.

Leave a Reply

Your email address will not be published.